കൊവിഡ്-19 മരണത്തിന് കീഴടങ്ങി പിഞ്ചു കുഞ്ഞും; യു.എസില്‍ മാസങ്ങള്‍ പ്രായമുള്ള കുഞ്ഞ് മരിച്ചു
വാഷിങ്ടണ്‍: യു.എസില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ കൂട്ടത്തില്‍ നവജീത ശിശുവും. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിത്. നേരത്തെ യു.എസില്‍ ഒരു പതിനാറുകാരിയുടെ മരണം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ആദ്യം ചൈനയേയും നിലവില്‍ ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളെയും കടന്നുപിടിച്ച കൊവിഡ് മഹാമാരി ഇപ്പോള്‍ അമേരിക്കയെ ആണ് ഭീതിയിലാഴ്ത്തിയിരിക്കുന്നത്.ഇതുവരെ തൊണ്ണൂറായിരത്തോളം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ചൈനയെ പിന്നിലാക്കി, ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രാജ്യമായി അമേരിക്ക മാറി. അമേരിക്കയില്‍ ആയിരത്തിയഞ്ഞൂറോളം പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. രാജ്യത്തു രോഗവ്യാപനം മൂര്ധന്യത്തിലാണെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. ശൈത്യകാലം തുടങ്ങാനിരിക്കേ അമേരിക്കയ്ക്കു വന്‍ ഭീഷണിയായി കൊവിഡ് മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
സ്പെയിനില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 769 പേരാണ്. ഇതോടെ സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 4,900 കടന്നു. അറുപത്തിഅയ്യായിരത്തോളം പേര്‍ക്കാണ് സ്പെയിനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകെ അഞ്ചര ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തിലേറെ പേര് രോഗവിമുക്തരായിട്ടുമുണ്ട്.
ഇറ്റലിയില്‍ എണ്ണായിരത്തി മുന്നൂറോളം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."