സമഗ്രമായ കായിക നയം രൂപീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സമ്പൂര്‍ണവും സമഗ്രവുമായ കായിക നയം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ജി.വി രാജാ കായിക അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനകീയമായ കായിക സംസ്കാരം രൂപപ്പെടുത്തുകയെന്നതാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായിക രംഗത്തു ഏറ്റവും മുന്‍പന്തിയില്‍ നിലകൊള്ളുന്ന സംസ്ഥാനമാണു കേരളം. കേരളത്തിന്റെ കായിക വളര്‍ച്ചയ്ക്കു അടിത്തറയിട്ട മഹാവ്യക്തിയാണ് ജി.വി രാജ. സംസ്ഥാനത്തിന്റെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അദ്ദേഹത്തിന്റെ പേരില്‍ ഈ അവാര്‍ഡ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജി.വി രാജാ വനിതാ വിഭാഗം കായിക അവാര്‍ഡ് അന്താരാഷ്ട്ര റോവിങ് താരം ഡിറ്റിമോള്‍ വര്‍ഗീസിനും പുരുഷ വിഭാഗം അവാര്‍ഡ് ചെസ്സ് താരം എസ്.എല്‍ നാരായാണനും സമ്മാനിച്ചു. ഒളിംപ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അത്ലറ്റിക്സ് പരിശീലകന് പി.ആര് പുരുഷോത്തമനും മികച്ച കായിക പരിശീലകനുള്ള പുരസ്കാരം അത്ലറ്റിക്സ് പരിശീലകന് പി.ബി ജയകുമാറും ഏറ്റുവാങ്ങി. കോളജ് തലത്തിലെ മികച്ച കായികാധ്യാപകനുള്ള പുരസ്കാരം പാലാ സെന്റ് തോമസ് കോളജിലെ ആശിഷ് ജോസഫിനും സ്കൂള്‍ തലത്തിലെ മികച്ച കായികാധ്യാപകനുള്ള പുരസ്കാരം ഇടുക്കി കാല്‍വരി മൗണ്ട് ഹൈസ്കൂളിലെ മജു ജോസിനും മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള പുരസ്കാരത്തിനു ചങ്ങനാശേരി അസംപ്ഷന്‍ കോളജും മികച്ച സ്കൂളിനുള്ള പുരസ്കാരം കോതമംഗലം മാര്‍ ബേസില്‍ സ്കൂളും അര്‍ഹരായി. മികച്ച സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് പുരസ്കാരം കേരളാ കൗമുദിയിലെ സാംപ്രസാദ് ഡേവിഡും ഫോട്ടോഗ്രാഫറിനുള്ള പുരസ്കാരം ദേശാഭിമാനിയിലെ പി.വി സുജിത്തും മികച്ച ദൃശ്യ മാധ്യമ പരിപാടിയ്ക്കുള്ള അവാര്‍ഡ് ഏഷ്യാനെറ്റിലെ ജോബി ജോര്‍ജും മുഖ്യമന്ത്രിയില്‍ നിന്നു ഏറ്റുവാങ്ങി.
മന്ത്രി എ.സി മൊയ്തീന്, വി.എസ് ശിവകുമാര്‍ എം.എല്‍.എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, വൈസ് പ്രസിഡന്റ് ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."