കടല്‍ക്ഷോഭം: ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
അമ്പലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി കുടുബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കടല്‍ക്ഷോഭത്തില്‍ വീടുകള്‍ക്ക് നാശം നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികളെ നീര്‍ക്കുന്നം എ.ഡി.വി യു.പി.എസ് സ്കൂലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് 64 കുടുംബത്തില്‍ പെട്ട 274 പേരെ ഇവിടേയ്ക്ക് മാറ്റിയത്. കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ ഈ ക്യാമ്പില്‍ ദുരിതത്തില്‍ കഴിയുകയായിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്കൂള്‍ തുറന്നാലും തങ്ങള്‍ക്ക് സുരക്ഷിത താവളം ഒരുക്കാതെ ഇവിടെ നിന്നും മാറില്ലെന്ന പിടിവാശിയിലായിരുന്നു 64 കുടുബങ്ങളും. സ്കൂള്‍ തുറക്കുന്നതിനാല്‍ ഇവിടെ നിന്നും മാറണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപെട്ടങ്കിലും സുരക്ഷിത താവളം ഒരുക്കാതെ തങ്ങള്‍ മാറില്ലെന്ന നിലപാടെടുത്തതോടെ അമ്പലപ്പുഴ തഹസില്‍ദാര്‍ ആശ എബ്രഹം, ഡെപ്യുട്ടി തഹസില്‍ സുബാഷ് ചന്ദ്രബോസ്, അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ ഇന്നലെ ഉച്ചയോടെ സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കുകയും പിന്നീട് ഇവരെ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയുള്ള വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ ഗ്യാലറി ടൈപ്പ് ലെക്ച്ചേഴ്സ് ഹാളിലേക്ക് മാറ്റി പാര്‍പ്പിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."