ഒന്നിച്ചുനിന്ന് മഹാവ്യാധിയെ അതിജീവിക്കാം; ആഹ്വാനം ചെയ്ത് മത, സാമുദായിക നേതൃത്വം
തിരുവനന്തപുരം : കൊവിഡ് - 19 വ്യാപനത്തിനെതിരേ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ചു നിന്നു മുന്നേറാന്‍ ആഹ്വാനം ചെയ്ത് സംസ്ഥാനത്തെ മത സാമുദായിക നേതൃത്വം. സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയറിയിച്ചും ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശം എടുത്തു പറഞ്ഞുമാണ് നേതാക്കള്‍ സംയുക്താഹ്വാനം നടത്തിയത്.
സമ്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവനെന്നോ അല്ലാത്തവനെന്നോ ഭേദമില്ലാതെ പടര്‍ന്നുപിടിക്കുന്ന ഈ വൈറസിനെതിരായ പോരാട്ടം മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെയുള്ള സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലും മൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും വൈറസ് ബാധിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം തടഞ്ഞുനിര്‍ത്താനും കഴിയുന്നുണ്ട്. ഇത് കേരളത്തിന്റെ വലിയ വിജയമാണെന്ന് നേതാക്കള്‍ പറഞ്ഞു. കേരളത്തിന്റെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
പല പ്രതിസന്ധികളെയും മറികടന്നവരാണ് കേരളീയര്‍. കൊറോണ വൈറസിനെയും ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതി, മത വേര്‍തിരിവുകളില്ലാതെയുള്ള ഐക്യമാണ്. വൈറസ് ബാധ ചെറുക്കാന്‍ ആരാധനാ ക്രമങ്ങളില്‍ നിയന്ത്രണം വരുത്തി. ജീവനും ജീവിതവും വിലപ്പെട്ടതാണെന്ന ബോധ്യത്തോടെ സഹജീവിസ്‌നേഹം എന്ന അത്യുദാത്തമായ മാനവിക വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം ഈ മഹാവ്യാധിയെ നേരിടുകയാണ്.
ഈ മുന്നേറ്റത്തില്‍ നമുക്കു മുന്നില്‍ സര്‍ക്കാരുണ്ട്. ജാഗ്രതയുടെയും പ്രതീക്ഷയുടെയും കിരണങ്ങളാകണം ഇന്നാട്ടിലെ ഓരോ മനുഷ്യനെയും മുന്നോട്ടുനയിക്കേണ്ടത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും വീടുകളില്‍ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, വെള്ളാപ്പള്ളി നടേശന്‍, ജി. സുകുമാരന്‍ നായര്‍, ഡോ. ഹുസൈന്‍ മടവൂര്‍, കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ബിഷപ്പ് ജോസഫ് കാരിയില്‍, ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, പുന്നല ശ്രീകുമാര്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ത്തോമ പൗലോസ്, പുത്തന്‍കുരിശ് ബാവ, ബിഷപ്പ് എ. ധര്‍മ്മരാജ് റസാലം, ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, ഡോ. ടി. വത്സന്‍ എബ്രഹാം, ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ എന്നിവരാണ് സംയുക്താഹ്വാനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."