HOME
DETAILS
MAL
ഇല്ലാത്തവന് എല്ലാമാകേണ്ടവനാണ് ഉള്ളവന്‍
backup
March 29 2020 | 05:03 AM
നീണ്ട യാത്രയ്‌ക്കൊരുങ്ങിയ മൂന്നു മക്കളില്‍ മുതിര്‍ന്നവന്റെ കൈയ്യിലാണ് പിതാവ് പണം ഏല്‍പിച്ചിട്ടുള്ളത്. ഇനി അവന്‍ മറ്റു രണ്ടാളുകളുടെയും യാത്രാ ചെലവുകള്‍ നടത്തണം. പക്ഷെ, യാത്രാ മധ്യേ അവന്‍ കാലുമാറി. പിതാവ് ഏല്‍പിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കു മാത്രം ചെലവിട്ടു. കൂടെയുള്ള സ്വന്തം സഹോദരങ്ങളെ കണ്ടതേയില്ല. വിശപ്പ് രൂക്ഷമാകുമ്പോള്‍ അവന്‍ തന്റെ ഔദാര്യം പോലെ ചില്ലിക്കാശുകള്‍ അവര്‍ക്കു നല്‍കും; അത്രതന്നെ.
ഒരിക്കല്‍ അവര്‍ അവനോടു പറഞ്ഞു: 'ഞങ്ങള്‍ക്കും വല്ലതും തരണം..?'
അപ്പോള്‍ അവന്‍ തട്ടിക്കയറി: 'തരണം എന്നു പറയാന്‍ എന്റെ കൈയ്യിലുള്ളത് നിങ്ങളുടെ അവകാശമെങ്ങാനുമാണോ...?'
'എല്ലാവര്‍ക്കുമായി പിതാവ് തന്നതല്ലേ ആ പണം...?' അവര്‍ ചോദിച്ചു.
'അതു പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ഇത് എന്റെ പണമാണ്. നിങ്ങള്‍ക്കുവേണമെങ്കില്‍ അധ്വാനിച്ചോളൂ.. മറ്റുള്ളവന്റെ പോക്കറ്റില്‍ കണ്ണുംനട്ട് കഴിയണ്ടാ..'
അവന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണം..
കഥയിലെ ഈ മുതിര്‍ന്ന പുത്രനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്..? യാത്ര കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവന്‍ പിതാവിന്റെ ഇഷ്ടം സമ്പാദിച്ചവനാകുമോ അതോ അനിഷ്ടം സമ്പാദിച്ചവനാകുമോ..? തീര്‍ച്ചയായും അനിഷ്ടമല്ലാതെ മറ്റൊന്നും പിതാവില്‍നിന്നു കിട്ടില്ലെന്നുറപ്പാണല്ലോ.. ചിലപ്പോള്‍ കനത്ത ശിക്ഷയും കിട്ടിയേക്കും.
ഇനി നമുക്ക് വിഷയത്തിലേക്കു വരാം:
കഥയിലെ മുതിര്‍ന്ന പുത്രന്‍ ഒരു സാങ്കല്‍പിക കഥാപാത്രം മാത്രം. എന്നാല്‍, അവന്റെ തനി പകര്‍പ്പുകളെയാണ് എവിടെയും കാണാന്‍ കഴിയുന്നത്. മനുഷ്യജീവിതം ഒരു യാത്രയാണ്. ദൈവത്തില്‍നിന്നു ദൈവത്തിലേക്കുള്ള നീണ്ട യാത്ര. ആ യാത്രയിലെ പ്രധാന ഘട്ടമാണ് ഈ ഭൗതികലോകം. ജീവിക്കാനാവശ്യമായ വിഭവങ്ങളെല്ലാം ദൈവം ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. ആ വിഭവങ്ങള്‍ ചിലര്‍ക്ക് അവന്‍ കൂടുതല്‍ കൊടുത്തു. വേറെ ചിലര്‍ക്ക് കുറച്ചു കൊടുത്തു. മറ്റു ചിലര്‍ക്ക് തീരെ കുറച്ച്. എന്നിട്ട് അവന്‍ പറയുന്നു: 'നിങ്ങള്‍ക്കു നല്‍കിയ ധനത്തില്‍നിന്ന് അവര്‍ക്കു നല്‍കുകയും വേണം..'
മറ്റൊരിടത്ത് അവന്‍ പറയുന്നു: 'നിങ്ങളിലോരോരുത്തര്‍ക്കും മരണം ആസന്നമാകുന്നതിനു മുന്‍പേ നാം തന്നതില്‍നിന്ന് ചെലവഴിക്കുക. തത്സമയം അവന്‍ ഇങ്ങനെ പരിഭവിച്ചേക്കും: നാഥാ, സമീപസ്ഥമായ ഒരവധി വരെ നീ എന്താണ് എന്നെ പിന്തിച്ചിട്ടുതരാത്തത്..? അങ്ങനെെയങ്കില്‍ ഞാന്‍ ദാനം ചെയ്യുകയും സജ്ജനങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യാം..'
ചിലരെ ദൈവം ധനികരും മറ്റു ചിലരെ ദരിദ്രരുമാക്കിയത് ദരിദ്രര്‍ക്കാവശ്യമായതു കൊടുക്കാന്‍ തന്റെ ഖജനാവ് ദരിദ്രമായതുകൊണ്ടല്ല. ചിലരെ അവന്‍ ആരോഗ്യവാന്മാരാക്കിയപ്പോള്‍ വേറെ ചിലരെ രോഗികളാക്കിയത് അവര്‍ക്കുള്ള മരുന്നുകള്‍ അവന്റെ കൈയ്യില്‍ ഇല്ലാത്തതുകൊണ്ടല്ല. ചിലരെ സകലാംഗരാക്കിയപ്പോള്‍ വേറെ ചിലരെ വികലാംഗരാക്കിയത് അവരുടെ വൈകല്യം തീര്‍ക്കാനുള്ള പരിഹാരം അവനറിയാത്തതുകൊണ്ടല്ല. ചിലരെ ശക്തരും വേറെ ചിലരെ ദുര്‍ബലരുമാക്കിയത് അവരുടെ ദൗര്‍ബല്യം തീര്‍ക്കാന്‍ അവന്റെ പക്കല്‍ വിഭവങ്ങളില്ലാത്തതുകൊണ്ടല്ല. എല്ലാം ഒരു പരീക്ഷണം.. ധനികനു തന്റെ ധാനാഢ്യതയും ദരിദ്രനു ദാരിദ്ര്യവും പരീക്ഷണമാണ്. ആരോഗ്യവാനു ആരോഗ്യവും രോഗിക്കു രോഗവും പരീക്ഷണം. വികാലാംഗനു വൈകല്യവും സകലാംഗനു വൈകല്യരാഹിത്യവും പരീക്ഷണം.
ദരിദ്രര്‍ക്കുള്ളതുകൂടി ധനികന്റെ കൈവശമാണ് ദൈവം നല്‍കിയിട്ടുള്ളത്. ഇനി അതില്‍നിന്ന് ധനികന്‍ ദരിദ്രര്‍ക്കു കൂടി ചെലവഴിക്കണം. അതവന്റെ ഔദാര്യമല്ല, ബാധ്യതയാണ്. പിതാവ് മുതിര്‍ന്ന മകന്റെ കൈയ്യില്‍ പണം കൊടുത്തത് സഹോദരങ്ങള്‍ക്കുകൂടി ചെലവഴിക്കാനാണ്. ആ ചെലവഴിക്കല്‍ ഒരു ഔദാര്യമായി കാണുന്നത് ഒരിക്കലും ശരിയല്ല. പക്ഷെ, ചിലര്‍ ആ പണം മുഴുവന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു ധൂര്‍ത്തടിക്കുന്നു. തന്റെ കൂടെയുള്ള പട്ടിണി പാവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. അവരില്‍ വല്ലവരും യാചിച്ചുവന്നാല്‍ നിനക്കൊക്കെ വല്ല പണിയെടുത്തു ജീവിച്ചുകൂടെ എന്നു പരിഹാസരൂപേണ ചോദിക്കുന്നു. ചില സ്ഥലങ്ങളില്‍ 'യാചന നിരോധിച്ചിരിക്കുന്നു' എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. യാചന പ്രോത്സാഹനാര്‍ഹമല്ല. എന്നു കരുതി യാചകനെ ആട്ടിവിടാന്‍ എവിടെയും പറഞ്ഞിട്ടില്ലല്ലോ.
വികലാംഗന്റെ അംഗങ്ങള്‍ സകലാംഗനിലാണ് ദൈവം നിക്ഷേപിച്ചിട്ടുള്ളത്. കണ്ണില്ലാത്ത അന്ധന് കണ്ണായി മാറേണ്ടവനാണ് കണ്ണുള്ളവന്‍. കാലില്ലാത്തവന്റെ കാലായി കാലുള്ളവന്‍ മാറണം. രോഗിക്ക് ആരോഗ്യമായി ആരോഗ്യമുള്ളവര്‍ കൂടെ നില്‍ക്കണം. അതിനു പകരം അവനെ അവഗണിക്കുകയും പുച്ഛിച്ചുതള്ളുകയും ചെയ്യുന്നത് കടുത്ത നന്ദികേടും അനുസരണാരാഹിത്യവുമായിരിക്കും. യാത്രാവസാനം ദൈവത്തിലാണ് ചെന്നെത്തുക. അവന്റെ സന്നിധിയിലെത്തുമ്പോള്‍ വിചാരണയുണ്ടാകും. താന്‍ കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ എന്തില്‍ ചെലവിട്ടു എന്നു ചോദ്യം വരുമ്പോള്‍ മുതിര്‍ന്ന പുത്രന്റെ പകര്‍പ്പുകള്‍ പ്രയാസപ്പെടും. ദൈവത്തിന്റെ അനിഷ്ടം സമ്പാദിക്കേണ്ട ഗതികേടിലേക്കാണ് അവര്‍ തരം താഴുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."