വയറിളക്കം: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
ആലപ്പുഴ: മഴക്കാലമായതോടെ വറിളക്കം പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വയറിളക്കത്തിന്റെ ആരംഭം മുതല്‍ പാനീയ ചികിത്സ തുടങ്ങണം. ഒ.ആര്‍.എസ് ലായനി, വീട്ടില്‍ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്‍വെള്ളം തുടങ്ങിയവ കുടിക്കണം.
ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ ആശ അങ്കണവാടി പ്രവര്‍ത്തകില്‍ നിന്നോ ലഭിക്കുന്ന ഒ.ആര്‍.എസ് മിശ്രിതം ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി അല്‍പ്പാല്‍പ്പമായി കുടിക്കുക.
ഒരിക്കല്‍ തയ്യാറാക്കുന്ന ലായനി 24 മണിക്കുറിനുള്ളില്‍ ഉപയോഗിക്കണം. പാനീയ ചികിത്സയോടൊപ്പം വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണവും കഴിക്കണം. 14 ദിവസം വരെ ദിവസേന സിങ്ക് ഗുളിക കഴിയ്ക്കുന്നത് വയറിളക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് സഹായിക്കും.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തുറന്നു വച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിയ്ക്കാതിരിക്കുക.
ആഹാരത്തിനു മുന്‍പും മലവിസര്‍ജനത്തിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ആഹാരസാധനങ്ങള്‍ എപ്പോഴും മൂടിവയ്ക്കുക. ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലവിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. വയറിളക്കമുള്ള കുട്ടികളെ വൃത്തിയാക്കിയതിനുശേഷവും അവരുടെ വസ്ത്രങ്ങള്‍ കഴുകിയതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."