ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും വീടില്ലെന്ന സങ്കടത്തില്‍ കുഞ്ഞിക്കാദര്‍
അന്നമനട : എസ്.എസ്.എല്‍.സി പരീക്ഷയില്‍ നേടിയ ഫുള്‍ പ്ലസ് വിജയത്തിന്റ സന്തോഷത്തിലും സ്വന്തമായി വീടില്ലെന്ന വിഷമവുമായി കുഞ്ഞിക്കാദര്‍ പത്ര വിതരണം തുടരുകയാണ് .
പത്ര വിതരണ ജോലിക്കൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ സംസ്ഥാനത്തെ ഏക വിദ്യാര്‍ഥി മിക്കവാറും കുഞ്ഞിക്കാദര്‍ തന്നെയാകും .
അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്രയില്‍ തൂപ്പേലി ബഷീറിന്റെ മകനായ കുഞ്ഞിക്കാദര്‍ മാമ്പ്ര യൂനിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു പഠിച്ചത്.
പിതാവ് ബഷീര്‍ പത്ര വിതരണം നടത്തിയാണു ജീവിക്കുന്നത്. രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കാരണം കുറച്ചു കാലമായി പത്ര വിതരണത്തിനു കഴിയാറില്ല.
ഹൃദയ രോഗം മൂലം കഷ്ടപ്പെടുന്ന പിതാവിനെ സഹായിക്കുന്നതിനായിട്ടാണ് കുഞ്ഞിക്കാദര്‍ അതിരാവിലെ പത്ര വിതരണം നടത്തുന്നത് .ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൃദയ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് ചികിത്സക്കായി സ്വന്തം വീടു വില്‍ക്കേണ്ടി വന്നത് . പിന്നെ വാടക വീട്ടിലായി താമസം.
സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ട്യൂഷനു പോകാനും കുഞ്ഞിക്കാദറിനു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കുഞ്ഞിക്കാദറിന്റെ ഫുള്‍ എ പ്ലസിനു തിളക്കമേറെയാണ്.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ലീഡറായിരുന്ന കുഞ്ഞിക്കാദര്‍ പാഠ്യ പഠ്യേതര വിഷയങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. ജില്ല ഉപജില്ലാ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
പ്ലസ് ടു പഠിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞിക്കാദറിന് മുന്നില്‍ സ്വന്തമായി വീട് ഇന്നൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഒരു സഹോദരി കൂടിയുള്ള കുഞ്ഞിക്കാദറും കുടുംബവും സന്‍മനസുള്ളവരുടെ സഹായം എന്ന പ്രതീക്ഷയിലാണ് . ഫോണ്‍ 9496866539.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."