എം.എല്‍.എയുടെ അടിയന്തര ഇടപെടല്‍: ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെത്തി
ദേശമംഗലം : സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയ്ക്കു പരിഹാരമാകുന്നു.
സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നു യു.ആര്‍ പ്രദീപ് എം.എല്‍.എ പ്രശ്‌നത്തില്‍ ഇടപെടുകയും ഡി.എം.ഒ അടിയന്തരമായി ഒരു ഡോക്ടറെ ആശുപത്രിയിലേക്കു നിയോഗിക്കുകയും ചെയ്തു.
മറ്റൊരു ഡോക്ടര്‍ അടുത്ത ദിവസം ആശുപത്രിയിലെത്തുമെന്നും എം.എല്‍.എ അറിയിച്ചു. ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും അഭാവം മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്ന അവസ്ഥയായിരുന്നു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറടക്കം നാലു ഡോക്ടര്‍മാരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നത്. എന്നാല്‍ മൂന്നു ഡോക്ടര്‍മാരും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ഒരു ഡോക്ടര്‍ അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റൊരാള്‍ ജോലി രാജി വച്ചു. വനിതാ ഡോക്ടര്‍ നീണ്ട അവധിയിലുമാണ്.
ഏക ഡോക്ടര്‍ കാലത്തു ജോലിക്കെത്തിയാല്‍ പകല്‍ രണ്ടോടെ സ്ഥലം വിടും. ഇതോടെ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കേണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉച്ചവരെയായി കുറയുകയാണ്.
പ്രതിദിനം 250 ഓളം പേരാണു കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ചികിത്സ കിട്ടാതെ മടങ്ങുന്ന സ്ഥിതിയാണ്.
കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം മറ്റു ആശുപത്രികളിലെത്താനെന്നതു ജന ദുരിതം വര്‍ധിപ്പിച്ചിരുന്നു. ആശുപത്രിയില്‍ അടിയന്തരമായി ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തണമെന്നു ആവശ്യപ്പെട്ടു ഡി.എം.ഒക്കു പഞ്ചായത്ത് നിവേദനം നല്‍കുകയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.
യു.ആര്‍ പ്രദീപ് എം.എല്‍.എ ഈ കാര്യത്തില്‍ ഗുരുതരമായ അനാസ്ഥ പ്രകടിപ്പിക്കുകയാണെന്ന ആരോപണവും പഞ്ചായത്ത് ഉയര്‍ത്തിയിരുന്നു.
എന്നാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിച്ച വിവരം പഞ്ചായത്ത് തന്നെ അറിയിക്കാതെ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നാണു എം.എല്‍.എ പറയുന്നത്. ഒരു ഡോക്ടര്‍ കൂടി എത്തുന്നതോടെ ആശുപത്രി പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാകുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."