സാമ്പത്തിക പ്രതിസന്ധിയിലും മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ ആഡംബര കാറുകള്‍ വാങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു വി.ഐ.പികള്‍ക്കും സഞ്ചരിക്കാന്‍ ആഡംബര കാറുകള്‍ വാങ്ങുന്നു. ടൂറിസം വകുപ്പില്‍ 35 ആഡംബര കാറുകള്‍ വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി.
ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയുടെ കാറുകളാണ് വാങ്ങുന്നത്. ഒരു കാറിന് 25 ലക്ഷം രൂപയിലധികം വിലവരും. മൊത്തം ചെലവ് 10 കോടിക്കടുത്തു വരും. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്കു സഞ്ചരിക്കാനാണ് കാറുകള്‍ വാങ്ങുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വാങ്ങിയ കാറുകളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവുമൊക്കെ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയെല്ലാം ഒന്നര ലക്ഷം കിലോമീറ്ററിലധികം ഓടിയിട്ടുണ്ട്. ഈ കാരണം പറഞ്ഞാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. നിലവിലുള്ള കാര്‍ ഒന്നര ലക്ഷം കിലോമീറ്ററിലധികം ഓടിയതിനാല്‍ പുതിയ കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.
മന്ത്രിമാര്‍ ആഡംബരങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ മന്ത്രിമാര്‍ക്കായി ആഡംബര കാറുകള്‍ വാങ്ങുകയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തന്നെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനം മൂലം നികുതി ഇനത്തിലും മറ്റുമായി പൊതുഖജനാവിലേക്കുള്ള വരുമാനം ഗണ്യമായി കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധിക്കു കാരണമായതായും ധനമന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."