അഭയാര്‍ഥികള്‍ക്കെതിരെ ജോര്‍ദാന്റെ ഉപരോധം; 30,000 സിറിയന്‍ കുട്ടികള്‍ പട്ടിണിയില്‍
റുഖ്ബാന്‍: അവശ്യ ഭക്ഷണവും വെള്ളവും ലഭിക്കാതെ 70,000 ത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വലയുന്നു. ഇതില്‍ അധികവും കുട്ടികളും സ്ത്രീകളുമാണ്. സിറിയയുമായി വടക്കുകിഴക്കന്‍ ഭാഗത്ത് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് താമസിക്കുന്നവര്‍ക്കാണ് ജോര്‍ദാന്‍ അധികൃതരുടെ ഭക്ഷണ ഉപരോധം.
കഴിഞ്ഞമാസം ഇവിടെ ഐ.എസിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജോര്‍ദാന്റെ നടപടി. സിറിയന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടങ്ങളില്‍ സന്നദ്ധ സംഘടനകളായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണം പറഞ്ഞ് ജോര്‍ദാന്‍ ഇതു തടയുകയായിരുന്നു.
ആക്രമണത്തിനു തൊട്ടുപിന്നാലെ തന്നെ പ്രദേശം അടച്ചിടുന്നതായി ജോര്‍ദാന്റെ അറിയിപ്പ് വന്നു. ഭക്ഷണ വിതരണമടക്കമുള്ള എല്ലാ ഇടപെടലും കര്‍ശനമായി വിലക്കിയും ഉത്തരവിട്ടു.
സിറിയയുടെയും ജോര്‍ദാന്റെയും ഇടയിലുള്ള മരഭൂ പ്രദേശമാണ് റുഖ്ബാന്‍. കടുത്ത ചൂടും വേട്ടയാടുന്ന റുഖ്ബാന്‍ പ്രദേശത്തെ അഭയാര്‍ഥികള്‍ നോമ്പെടുക്കാന്‍ പോലും പ്രയാസപ്പെടുകയാണ്. കൂട്ട പട്ടിണി മരണ ഭീഷണിയിലായ ഇവര്‍ ജീവന്‍ നിലനിര്‍ത്താന്‍ സിറിയയിലേക്കു തന്നെ മടങ്ങാനുള്ള പദ്ധതിയിലാണെന്ന് അഭയാര്‍ഥി ഗവേഷകന്‍ ഗെറി സിംപ്‌സണ്‍ പറഞ്ഞു.
'ഇപ്പോള്‍ ഇവര്‍ക്കു വേണ്ടത് വെള്ളവും ഭക്ഷണവുമാണ്. എന്നാല്‍ എല്ലാ ഭക്ഷണവും വൈദ്യ സഹായവും ജോര്‍ദാന്‍ തടഞ്ഞിരിക്കുകയാണ്. ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ ജോര്‍ദാന്‍ നല്‍കുന്നത്. ഇത് എവിടെയും എത്താത്ത സ്ഥിതിയാണ്.- ഗെറി പറഞ്ഞു.
കുട്ടികളില്‍ പോഷകാഹാരക്കുറവും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1,300 കുട്ടികളെ പരിശോധിച്ചപ്പോള്‍ 204 കുട്ടികള്‍ക്കും പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പത്തു കുട്ടികളുടെ നില അതീവ ഗുരുതരവുമാണ്.
ഏതാണ്ട് 6,50,000 സിറിയന്‍ അഭയാര്‍ഥികള്‍ ജോര്‍ദാനിലുണ്ടെന്നാണ് യു.എന്നിന്റെ കണക്ക്. മൂന്നു ലക്ഷം ഫലസ്തീനീ അഭയാര്‍ഥികളും ജോര്‍ദാനിലുണ്ട്. യു.എസ് സൈനിക നടപടിയെത്തുടര്‍ന്ന് ഇറാഖില്‍ നിന്നുള്ള നിരവധി പേരും അഭയാര്‍ഥികളായി ജോര്‍ദാനില്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."