ഇന്ത്യ- പാകിസ്താന് മത്സരം നടക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്താന് ക്രിക്കറ്റ് മത്സരം സംയുക്ത വേദിയായ ദുബൈയില്‍ വച്ചു നടത്താന്‍ ഇപ്പോള്‍ സാധിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ജമ്മു- കശ്മിരിലെ നിലവിലെ അവസ്ഥ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാന്‍ ഉതകുന്നതല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നു ആഭ്യന്തര സഹ മന്ത്രി ഹന്സ്രാജ് ആഹിര്‍ പറഞ്ഞു. മത്സരം നടത്തണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു നിരവധി കത്തുകളും മറ്റും ലഭിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ക്രിക്കറ്റിനു അനുമതി നല്കാന് കേന്ദ്ര സര്‍ക്കാരിനു താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയില്‍ വച്ചു മത്സരം സംഘടിപ്പിക്കാന്‍ അനുമതി തേടി നേരത്തെ ബി.സി.സി.ഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ പര്യടനം നടത്താനും ബി.സി.സി.ഐ ശ്രമം നടത്തിയിരുന്നെങ്കിലും ഇതിനും അനുമതി ലഭിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."