മഴയെത്തി; സംസ്ഥാനപാതയില്‍ അപകടങ്ങള്‍ കുറക്കാന്‍ നടപടിയായില്ല
ചങ്ങരംകുളം: വേനല്‍മഴ എത്തിയിട്ടും അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ അപകടങ്ങള്‍ കുറക്കാന്‍ നടപടികളായില്ല. പൊതുമരാമത്തുവകുപ്പും സംസ്ഥാനപാതാ അതോറിറ്റിയും മഴക്കാലം വരുന്നതിനു മുന്‍പ് പാതകള്‍ പരിശോധിക്കണമെന്നാണ് ചട്ടം. അപകടകരമായി റോഡിലേക്ക് നില്‍ക്കുന്ന മരങ്ങള്‍, തെന്നി വീഴാന്‍ സാധ്യതയുള്ള റോഡുകള്‍, അപകടമേഖലാനിര്‍ണയം, അപകടമേഖലകളില്‍ സുരക്ഷാസംവിധാങ്ങളുടെ പരിശോധന, വെള്ളക്കെട്ട് തുടങ്ങിയവയാണ് പരിശോധിക്കേണ്ടത്.
എന്നാല്‍ ഇതുവരെ ഒരു പ്രവൃത്തികളോ പരിശോധനയോ നടത്തിയിട്ടില്ല. അപകടങ്ങള്‍ വരുമ്പോള്‍ ഇതെല്ലം പൊലിസിന്റെ മാത്രം ഉത്തരവാദിത്തത്തില്‍ വരുന്നത് നിയമപാലകരെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്. സ്വകാര്യവ്യക്തികളുടെയോ സംഘടനകളുടെയോ സഹകരണത്തോടെ പൊലിസ് സ്വന്തംനിലക്ക് നടപടികളെടുത്താല്‍ തന്നെ നിയമവും ചട്ടവും പറഞ്ഞ് സംസ്ഥാനപാതഅതോറിറ്റിയും പൊതുമരാമത്തും അത് മുടക്കുന്നതും പതിവാണ്. പാതയിലെ സ്ഥിരം അപകടമേഖലകളായ പാവിട്ടപ്പുറം, താടിപ്പടി, പന്താവൂര്‍ പാലം, കാളാച്ചാല്‍, കാലടിത്തറ, കണ്ടനകം എന്നിവിടങ്ങളില്‍ വേഗത കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാവിട്ടപ്പുറത്ത് ഇതുവരെയും റംപിള്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നതിന് നടപടിയായിട്ടില്ല.
താടിപ്പടി, പന്താവൂര്‍ പാലം, കാളാച്ചാല്‍, കാലടിത്തറ, കണ്ടനകം എന്നിവിടങ്ങളില്‍ സ്ഥിരം അപകടമേഖലകളിലാണ്.
പാവിട്ടപ്പുറം മാങ്കുളത്ത് മഴ പെയ്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും നടപടിയില്ല . ശാസ്ത്രീയ രീതിയിലല്ലാത്ത അഴുക്കു ചാല്‍ നിര്‍മാണം മൂലമാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുന്നത്. നിലവില്‍ റംപിള്‍ സ്ട്രിപ്പുകളുള്ള വളയംകുളം, ചിയാനൂര്‍ പാടം എന്നിവിടങ്ങളില്‍ ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാനിടയാകുന്നുണ്ട്. വളയംകുളത്തും ചിയാനൂര്‍ പാടത്തും സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡറുകള്‍ പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു.
പാവിട്ടപ്പുറത്തെ താല്‍ക്കാലിക ഡിവൈഡറുകള്‍ ഭാഗികമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇനിയും അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ മഴക്കാലത്ത് നിരവധി ജീവനുകള്‍ സംസ്ഥാന പാതയില്‍ പൊലിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."