ജില്ലാ ആശുപത്രിയുടെ അത്യാധുനിക ഐ.സി.യു ആംബുലന്‍സ് നാളെ സമര്‍പ്പിക്കും
നിലമ്പൂര്‍: പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 29.14 ലക്ഷം രപ ചെലവിട്ട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വാങ്ങിയ അത്യാധുനിക സൗകര്യമുള്ള കാര്‍ഡിയാക് ഐ.സി.യു ആംബുലന്‍സ് നാളെ എം.പി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും. രാവിലെ 11ന് ജില്ലാ ആശുപത്രി പരിസരത്ത് പച്ചക്കൊടി വീശിയാണ് വഹാബ് എം.പി ഉദ്ഘാടനം ചെയ്യുക. എം.പിയുടെ ഫണ്ടില്‍ നിന്നും ആറു ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രി വളപ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
അത്യാസന്ന നിലയിലെത്തുന്ന ഹൃദ്രോഗികളെ സുരക്ഷിതമായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടരവര്‍ഷം മുന്‍പ് ആബുലന്‍സ് എം.പി നിലമ്പൂരിലേക്ക് അനുവദിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് എം.പി ഫണ്ടുപയോഗിച്ച് അത്യാധുനിക ആംബുലന്‍സ് ഒരു ജില്ലാ ആശുപത്രിയിലേക്ക് അനുവദിക്കുന്നത്. വെന്റിലേറ്റര്‍, മോണിറ്റര്‍, ഡിഫിബ്രിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ആംബുലന്‍സിലുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ആംബുലന്‍സിന്റെ ഉദ്ഘാടനം വച്ചിരുന്നുവെങ്കിലും പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കാത്തതിനാലും, ഉപകരണങ്ങള്‍ സ്ഥാപിക്കാതെ ആരോഗ്യ വകുപ്പ് അനാസ്ഥ കാണിച്ചതും മൂലം ഈ ആംബുലന്‍സിന്റെ താക്കോല്‍ദാനം നടത്താതെ പകരം എം.പി അനുവദിച്ച ചെറിയ ആംബുലന്‍സിന്റെ ഉദ്ഘാടനം മാത്രം നടത്തിയാണ് എം.പി മടങ്ങിയത്.
ജീവനക്കാരെ നിയമിച്ചശേഷമേ ഉദ്ഘാടനം നടത്തുകയുള്ളുവെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡി.എം.ഒ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചാണ് എം.പി മടങ്ങിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ഡ്രൈവറേയും, മൂന്ന് അനസ്തീസിയ ടെക്‌നീഷ്യന്മാരേയും, പരിശീലനം നേടിയ നാല് നഴ്‌സുമാരേയും നിയമിച്ചതോടെയാണ് ഉദ്ഘാടനത്തിന് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."