സൗജന്യ റേഷന്‍: സര്‍വത്ര അവ്യക്തത
കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം സംബന്ധിച്ച് അവ്യക്തത. ചില വിഭാഗങ്ങള്‍ക്കു വിതരണം ചെയ്യേണ്ട അരിയും ഭക്ഷ്യധാന്യവും സംബന്ധിച്ച് റേഷന്‍ വ്യാപാരികളില്‍ നിലനില്‍ക്കുന്ന ആശങ്കയാണു സൗജന്യ റേഷന്‍ വിതരണത്തെ ബാധിക്കുന്നത്.
ഏപ്രില്‍ അഞ്ചുമുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യാനാണു സിവില്‍ സപ്ലൈസ് വകുപ്പിന്റെ നീക്കം.നിലവില്‍ കുറഞ്ഞ റേഷന്‍ വാങ്ങിച്ചിരുന്ന മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 കിലോ അരിയും ധാന്യവും നല്‍കാനാണു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പി.എച്ച്.എച്ച് (ബി.പി.എല്‍) വിഭാഗങ്ങള്‍ക്കു കാര്‍ഡില്‍ നിലവില്‍ അനുവദിച്ച റേഷന്‍ അരിയും ധാന്യങ്ങളും സൗജന്യമായി വിതരണം ചെയ്യാനാണു തീരുമാനം.
അന്ത്യോദയ വിഭാഗങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന 30 കിലോ അരിയും അഞ്ചുകിലോ അരിയും സൗജന്യമായി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ബി.പി.എല്‍ കാര്‍ഡുകള്‍ക്കു 30 കിലോ അരിയും അഞ്ചു കിലോ ധാന്യവും ലഭിക്കുമെന്നാണു കാര്‍ഡുടമകള്‍ വിചാരിച്ചുവച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരുത്തരവും വന്നിട്ടില്ലെന്നാണു റേഷന്‍ കടയുടമകള്‍ പറയുന്നത്.
ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് എത്രമാത്രം അരിയും ധാന്യവും വിതരണം ചെയ്യണമെന്നു വ്യക്തമായ ധാരണയുണ്ടായാല്‍ മാത്രമേ അരിവിതരണം ചെയ്യാന്‍ പറ്റൂവെന്നാണു റേഷന്‍കടക്കാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകും.
നിലവില്‍കിട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമെ സൗജന്യ റേഷനും വേണമെന്ന് അന്ത്യോദയ, ബി.പി.എല്‍ കാര്‍ഡുടമകള്‍ ആവശ്യപ്പെട്ടാല്‍ കടയുടമകള്‍ കുഴങ്ങും.
ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്നാണു ആവശ്യം. സൗജന്യറേഷന്‍ നല്‍കുമ്പോള്‍ മണ്ണെണ്ണയും വിതരണം ചെയ്യുന്നതു വലിയ പ്രശ്‌നമുണ്ടാക്കും. ഓരോ റേഷന്‍ കാര്‍ഡിനും ലഭിക്കുന്ന സൗജന്യ റേഷന്‍ വിഹിതം എത്രയാണെന്നു സര്‍ക്കാര്‍ കൃത്യമായി അറിയിക്കണമെന്നും റേഷന്‍ കടയുടമകള്‍ ആവശ്യപ്പെടുന്നു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍കാര്‍ഡ് വഴി സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."