ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പില്‍ മികവുമായി അനഘ
കണ്ണൂര്‍: ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത് കണ്ണൂര്‍ സ്വദേശി അനഘ രാധാകൃഷ്ണന്‍. തായ്‌ലാന്‍ഡില്‍ നടന്ന മത്സരത്തിലാണ് അനഘ മിന്നുന്ന നേട്ടം കരകസ്ഥമായത്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍നിന്ന് അണ്ടര്‍-17 ഇന്ത്യന്‍ വോളിബാള്‍ വനിതാ ടീമില്‍ ഇടംനേടി ബെസ്റ്റ് ബ്ലോക്കറായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം ക്ലാസ് മുതലാണ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ അനഘയെത്തുന്നത്. അതുവരെ അത്‌ലറ്റിക്‌സില്‍ മത്സരിച്ച പരിചയം വച്ചാണ് കണ്ണൂരിലെത്തിയതെന്ന് പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്ലെയറില്‍ അനഘ പറഞ്ഞു. ഇത്തവണ ഇന്ത്യന്‍ ടീമിലിടം നേടിയപ്പോള്‍ സാധാരണ കളിക്കുമ്പോഴുണ്ടാവാറുള്ള പേടി വര്‍ധിച്ചു. എന്നാല്‍ കളിച്ചു തുടങ്ങിയതോടെ ടീമിനൊപ്പം ഇഴുകിച്ചേരാനായി. ഉയരം കൂടിയതിനെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടിരുന്ന താന്‍ ഇന്ത്യന്‍ ക്യാംപിലെത്തിയപ്പോള്‍ ചെറിയ കുട്ടിയായി. മറ്റുള്ളവരേക്കാള്‍ ഉയരം കുറവായിരുന്നു തനിക്ക്. തായ്‌ലന്‍ഡ് യാത്രക്ക് പാസ്‌പോര്‍ട്ടില്ലാതെ കുഴങ്ങിയ സമയത്ത് ഒറ്റ ദിവസംകൊണ്ട് ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം ഇടപെട്ടാണ് ശരിയാക്കിത്തന്നത് അനഘ നന്ദിയോടെ ഓര്‍മിച്ചു. ഇരിട്ടി ഉളിക്കല്‍ മട്ടങ്ങോടന്‍ വീട്ടില്‍ രാധാകൃഷ്ണന്‍-സാവിത്രി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അനഘ. ഇപ്പോള്‍ പത്താംതരം വിദ്യാര്‍ഥിനിയാണ് അനഘ. കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ ഉപഹാരം അനഘക്ക് കൈമാറി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ സിജി ഉലഹന്നാന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."