വരുന്ന അഞ്ചുവര്‍ഷത്തേക്ക് അരിവില വര്‍ധിപ്പിക്കില്ല: മന്ത്രി പി.തിലോത്തമന്‍
മലപ്പുറം: പൊതുവിപണിയില്‍ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരിഞ്ചന്തയും പൂഴ്ത്തിവെപ്പും സൂക്ഷ്മമായി പരിശോധിക്കുമെന്നു ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ റമദാന്‍ മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മില്ലുടമകളും കരിഞ്ചന്ത കച്ചവടക്കാരും കേരളീയരുടെ ജീവിതം പന്താടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആന്ധ്രയില്‍ നിന്നു വരുന്ന ജയ അരിക്ക് അഞ്ചു രൂപവരെ കൂട്ടി കൃത്രിമക്ഷാമം ഉണ്ടാക്കാന്‍ ചില ഇടനിലക്കാര്‍ ശ്രമിച്ചിരുന്നു.വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഒരുമാസത്തിനകം നടപടി സ്വീകരിച്ചതിനാല്‍ വിലനിയന്ത്രിക്കുന്നതിനു സാധിച്ചു. സംസ്ഥാനത്തെ അരിമൊത്ത കച്ചവടക്കാര്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സഹകരിച്ചു.പൂഴ്ത്തിവെപ്പ് നടത്തി വിപണിയില്‍ കൃത്രിമക്ഷാമം ഉണ്ടാക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുട്ടുമടക്കില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അരി ഉള്‍പ്പെടെ 13 അവശ്യസാധനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. സപ്ലൈകോയെ നവീകരിച്ചു മരുന്നുകള്‍ അടക്കമുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ 1500 സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്.
പാപ്പിനിപ്പാറ, വാലഞ്ചേരി എന്നിവടിങ്ങളില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കണമെന്നും കൂടുതല്‍ മാവേലി സറ്റോറുകളും ഉത്പന്നങ്ങളും ലഭ്യമാക്കണമെന്നും പരിപാടിയില്‍ അധ്യക്ഷനായ പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സലീന റസാക്കിന് ഉത്പന്നങ്ങള്‍ കൈമാറി മന്ത്രി ആദ്യ വില്പന നടത്തി. സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനെജിങ് ഡയറക്ടര്‍ ഡോ. ആശാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍ പോഴ്‌സന്‍ സി.എച്ച് ജമീല, പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."