മീനല്‍ ദക്കാവെ- ഇന്ത്യയുടെ മകള്‍; ആദ്യം കൊവിഡ് ടെസ്റ്റിങ് കിറ്റിനും തൊട്ടടുത്ത ദിവസം സ്വന്തം കുഞ്ഞിനും ജന്മം നല്‍കിയവള്‍
പൂനെ: പരീക്ഷണ ശാലയിലെ തിരക്കുകള്‍ക്കിടയില്‍ അവളുടെ ഉള്ളിലിരുന്ന കുഞ്ഞുവാവ ഒട്ടും പ്രയാസപ്പെടുത്തിയിട്ടുണ്ടാവില്ലേ...അറിയില്ല. ഒരു നാടിന്റെ ജനതയെ ഒന്നാകെ രക്ഷിച്ചെടുക്കാനുള്ള മഹാകാര്യത്തിലാണ് തന്‍രെ അമ്മയെന്ന് ആ കുരുന്ന് ജീവന്‍ അറിഞ്ഞിട്ടുണ്ടാവുമോ. അതുമറിയില്ല. എന്നാല്‍ ആ കുഞ്ഞിന് ഇനി അഭിമാനിക്കാം. കാരണം ഇന്ത്യയുടെ കൊറോണ ടെസ്റ്റിങ് കിറ്റ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയവളാണ് അമ്മ. അതും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫലം കാണുന്ന ടെസ്റ്റ് കിറ്റ്. കൊവിഡ്- 19 എന്ന മഹാമാരിയെ തുടച്ചു നീക്കാന്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്ന കണ്ടെത്തല്‍.
പതിനായിരങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റിന് പിന്നിലെ വൈറോളജിസ്റ്റ് മിനല്‍ ദഖാവെ ഭോസാലെ. പൂര്‍ണഗര്‍ബിണിയായിരിക്കെയാണ് അവര്‍ തന്റെ ജോലി പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കി മാര്‍ച്ച് 18ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് കിറ്റുകള്‍ വിലയിരുത്താന്‍ നല്‍കിയതിനു പിറ്റേ ദിവസം തന്നെ മീനല്‍ കുഞ്ഞിനെ പ്രസവിച്ചു.
മൂന്നോ നാലോ മാസം എടുത്ത് നിര്‍മ്മിക്കുന്ന കിറ്റ് വെറും ആറാഴ്ചകള്‍ക്കുള്ളില്‍ റെക്കോഡ് വേഗത്തിലാണ് ചെയ്തതെന്ന് മീനല്‍ പറയുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ കിറ്റു നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ടീമംഗങ്ങള്‍ കഠിനമായി പ്രയത്നിച്ചതിന്റെ ഫലമായാണ് ഇത്രപെട്ടെന്ന് കിറ്റു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്- അവര്‍ ഓര്‍ത്തു.
അത് വളരെ അത്യാവശ്യമായിരുന്നു, അതുകൊണ്ട് ഞാനാ വെല്ലുവിളി ഏറ്റെടുത്തു. എനിക്ക് എന്റെ രാജ്യത്തെ സേവിക്കണം,'' അവര്‍ ബി.ബി.സിയോട് പറഞ്ഞു.
ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ടെസ്റ്റിങ് കിറ്റുകള്‍ക്ക് പാത്തോ കിറ്റെന്നാണ് പേര്. സാധാരണ ഇറക്കുമതി ചെയ്ത ടെസ്റ്റിങ് കിറ്റുകളില്‍ നിന്നുള്ള ഫലമറിയാന്‍ ഏഴ് മണിക്കൂറെടുക്കുമ്പോള്‍ പാത്തോ കിറ്റുകള്‍ രണ്ടര മണിക്കൂറിനുള്ളില്‍ ഫലം തരും എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കോവിഡ് -19 ടെസ്റ്റിംഗ് കിറ്റുകളുടെ വിലയുടെ നാലിലൊന്ന് വിലയില്‍ 100 സാമ്പിളുകള്‍ പരീക്ഷിക്കാന്‍ കഴിയുന്ന കിറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. 1200 രൂപ ചിലവ് മാത്രമേ ഇതിന് വരുള്ളൂ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച കൊറോണ ടെസ്റ്റിങ് കിറ്റ് വിപണിയില്‍ ലഭ്യമായത്. പുണെ ആസ്ഥാനമായുള്ള മിലാബ് ഡിസ്‌കവറി കമ്പനിക്കാണ് കിറ്റ് നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അനുമതി ലഭിച്ചത്. ആദ്യ ബാച്ചിലെ 150 ഓളം കിറ്റുകള്‍ ബംഗളൂരു, പുനെ മുംബൈ, ഡല്‍ഹി ഗോവ എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."