പയ്യന്നൂര്‍-പഴയങ്ങാടി-കണ്ണൂര്‍ റൂട്ട്: കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് നഷ്ടത്തില്‍
കണ്ണൂര്‍: ജില്ലയില്‍ പുതുതായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് നഷ്ടത്തില്‍. പയ്യന്നൂര്‍-പഴയങ്ങാടി-കണ്ണൂര്‍ റൂട്ടിലാണ് കെ.എസ്.ആര്‍.ടി.സിക്ക് അടിപതറിയത്. പ്രതിദിനം 12,000 രൂപ വരുമാനം പ്രതീക്ഷിച്ചാണ് പഴയങ്ങാടി വഴി സര്‍വിസ് ആരംഭിച്ചത്. എന്നാല്‍ സ്വകാര്യ ബസ് ലോബിയുമായി മത്സരിക്കേണ്ടി വരുന്നതിനാല്‍ ശരാശരി 8,000 രൂപ മാത്രമാണ് വരുമാനം. താവം ഗേറ്റിലടക്കം കുരുങ്ങി സമയ കൃത്യത പാലിക്കാനാകാത്തതിനാല്‍ ബസുകള്‍ ഓര്‍ഡിനറി സര്‍വിസായി ഡീഗ്രേഡ് ചെയ്താണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. പയ്യന്നൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി എത്തുന്നതിന് മുന്‍പേ പഴയങ്ങാടിയില്‍നിന്ന് ആരംഭിക്കുന്ന സ്വകാര്യ ബസുകള്‍ സമയം വൈകി കൂട്ടത്തോടെയാണ് പുറപ്പെടാറ്. ഇതാണ് പഴയങ്ങാടി മുതല്‍ കണ്ണൂര്‍ വരെ കണ്ണൂരില്‍ വരുമാന ചോര്‍ച്ച ഉണ്ടാക്കുന്നത്. നിലവില്‍ പത്ത് ബസുകളാണ് ചെയിന്‍ സര്‍വിസ് നടത്തുന്നത്. നാല് ബസുകള്‍ കൂടി നിരത്തില്‍ ഇറങ്ങിയാലേ റൂട്ടില്‍ ആധിപത്യം ഉറപ്പിക്കാനാകൂയെന്നാണ് അധികൃതര്‍ പറയുന്നത്. കണ്ണൂര്‍ ഡിപ്പോയിലെ ചെയിന്‍ റൂട്ട് സംബന്ധിച്ച് കോഴിക്കോട് സോണല്‍ ഓഫിസില്‍നിന്ന് പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതു പ്രകാരം നല്‍കിയിട്ടുണ്ട്.
പഴയങ്ങാടി-ചന്ദ്രഗിരി റൂട്ടില്‍ കാസര്‍കോട് വരെ ടൗണ്‍ ടു ടൗണ്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 15 കിലോമീറ്ററോളം ദൂരംകുറഞ്ഞ ഈ വഴിയില്‍ ഒന്നോ രണ്ടോ ടൗണ്‍ ടു ടൗണ്‍ സര്‍വിസുകള്‍ ആരംഭിക്കാമെന്നും ധാരണയായിട്ടുണ്ട്. താവം പാലത്തിന്റെ നിര്‍മാണം അവസാനിക്കുന്നതുവരെ കാക്കാനാണ് നിര്‍ദേശം.
രാത്രി എട്ടിനു ശേഷം കണ്ണൂരില്‍നിന്ന് കാസര്‍കോടേക്ക് ദേശീയപാത വഴി കെ.എസ്.ആര്‍.ടി.സി സര്‍വിസ് കാര്യക്ഷമമല്ലാത്തതും യാത്രക്കാര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."