കീഴ്‌വഴക്കം തെറ്റിയില്ല; മതമൈത്രിയുടെ മധുരം തീര്‍ത്ത് കൊടിഞ്ഞിപള്ളിയിലെ പലഹാരവിതരണം
തിരൂരങ്ങാടി: കൊടിഞ്ഞിപ്പള്ളിയിലെ പലഹാരവിതരണത്തിനു മതമൈത്രിയുടെ മധുരം. കൊടിഞ്ഞിപഴയജുമാമസ്ജിദിലാണു പരമ്പരാഗതമായി തുടര്‍ന്നുവരുന്ന മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ച. നാട്ടിലെ കുലത്തൊഴിലുകാരായ ആശാരി, കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍ എന്നീ സമുദായക്കാര്‍ തങ്ങളുടെ ഓഹരി സ്വീകരിക്കാന്‍ ഇന്നലെയും പള്ളിയിലെത്തി.
മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ച ചരിത്രപ്രസിദ്ധമായ സത്യപ്പള്ളി എന്നറിയപ്പെടുന്ന കൊടിഞ്ഞിപ്പള്ളിയില്‍ റമദാനിലെ 27-ാം രാവിലാണു പലഹാരവിതരണം. അലവി തങ്ങളുടെ കാലംമുതല്‍ കൊടിഞ്ഞി പള്ളിയില്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ആചാരമാണിത്. ഉച്ചയോടെ തന്നെ കൊടിഞ്ഞിപ്രദേശത്തെ വീടുകളില്‍നിന്നും പള്ളിയില്‍ അപ്പം അടക്കമുള്ള മധുരപലഹാരങ്ങള്‍ എത്തിത്തുടങ്ങും. വൈകുന്നേരം ഹൈന്ദവസമുദായത്തിലെ അവകാശികള്‍ക്കാണ് ആദ്യം വിതരണം ചെയ്യുക. പിന്നീട് നോമ്പ് തുറക്കാനും. തറാവീഹിനു പള്ളിയില്‍ ഒരുമിച്ചു കൂടുന്നവര്‍ക്കും വിതരണം ചെയ്യും. പ്രത്യേകപ്രാര്‍ഥനയും ഉണ്ടാവും.
മറ്റുപ്രദേശങ്ങളില്‍ നിന്നും പള്ളി നിര്‍മാണത്തിനായി മമ്പുറം തങ്ങള്‍ കൊണ്ടുവന്നതാണ് ഇവരുടെ പൂര്‍വികരെ. ആശാരിമാര്‍ മരപ്പണിയും കുറുപ്പു കല്‍പ്പണിയും കൊല്ലന്മാര്‍ മറ്റു പണികളും ചെയ്തു. പള്ളിനിര്‍മാണത്തിനുശേഷം മൂന്നു വിഭാഗങ്ങള്‍ക്കും കൊടിഞ്ഞിയില്‍ സ്ഥലം നല്‍കി തങ്ങള്‍ പുനരധിവസിപ്പിക്കുകയും കൂടാതെ പള്ളിയില്‍ 27-ാം രാവിലെ പലഹാര വിതരണത്തില്‍ ഇവര്‍ക്കു പ്രത്യേക ഓഹരി അവകാശമാക്കി മാറ്റി വെയ്ക്കുകയും ചെയ്തു. പള്ളിയില്‍ പ്രതിവര്‍ഷം നടക്കുന്ന സ്ഥാപകനേര്‍ച്ചയില്‍ അറുക്കുന്ന മാടുകളുടെ തുകലിന്റെ അവകാശം തങ്ങള്‍ നല്‍കിയതു കൊല്ലന്മാര്‍ക്കാണ്. മമ്പുറംതങ്ങള്‍ തുടങ്ങിവെച്ച സത്യം ഇന്നും തുടര്‍ന്നുവരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളാണു സത്യത്തിനു പള്ളിയില്‍ എത്താറുള്ളത്. പൊലിസ് സ്റ്റേഷനുകള്‍, കോടതികള്‍ എന്നിവിടങ്ങളില്‍ നിന്നും തീര്‍പ്പാകാത്ത കേസുകള്‍ പലതും ഇവിടെ തീര്‍പ്പുകല്‍പ്പിച്ചിട്ടുമുണ്ട്.
പലഹാരങ്ങള്‍ പള്ളി സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടിഹാജി വിതരണം ചെയ്തു. പള്ളി പ്രസിഡണ്ട് പി.സി മുഹമ്മദാജി, ഖത്തീബ് ഹൈദരലി ഫൈസി, പി.വി കോമുക്കുട്ടി ഹാജി, ടി.സി അഹമ്മദ്കുട്ടിഹാജി, പനക്കല്‍ബീരാന്‍കുട്ടിഹാജി, എലിമ്പാട്ടില്‍ ഹംസ, പാലക്കാട്ട് പോക്കുഹാജി, പാലക്കാട്ട് ബാവഹാജി , പത്തൂര്‍ മൊയ്തീന്‍ഹാജി, പനക്കല്‍ സിദ്ധീഖ്, കാരാംകുണ്ടില്‍ ഹസ്സന്‍കുട്ടിഹാജി, പാലക്കാട്ട് മുഹമ്മദ്ബാവ, കരുവാട്ടില്‍ ഹംസ, വി.വി അബ്ദുല്‍മജീദ്, പാലക്കാട്ട് അന്‍വര്‍, കുന്നത്തേരി മുഹമ്മദ്കുട്ടിഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."