അവധിക്കാലത്തിനു വിട: ഇനി സ്‌കൂളില്‍
കണ്ണൂര്‍: അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നു മാറി കുട്ടികള്‍ക്ക് ഇനി പഠനകാലം. ജില്ലയിലെ സ്‌കൂളുകള്‍ ഇന്നു തുറക്കും. കളിയും ചിരിയുമായി ഇത്തവണ 18,295 കുരുന്നുകളാണ് ജില്ലയില്‍ ഒന്നാം തരത്തിലേക്ക് എത്തുക. മിക്ക സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്നു രാവിലെ 9.30ന് കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രവേശനോത്സവ സന്ദേശം നല്‍കും. ഫുട്ബാള്‍ താരം സി.കെ വിനീത്, സിനിമാതാരം സുബി സുധീഷ്, ബാലതാരം നിരഞ്ജന എന്നിവര്‍ വിശിഷ്ടാതിഥികളാവും.
എല്ലാ സ്‌കൂളുകളും നവാഗതരെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. ജില്ലയില്‍ മാടായി ഉപജില്ലയിലെ വിളയാങ്കോട് സെന്റ് മേരീസ് എല്‍.പി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ (192 പേര്‍)ഒന്നാം തരത്തിലേക്ക് പ്രവേശനം നേടിയത്. തളാപ്പ് മിക്‌സഡ് യു.പിയില്‍ 170 പേര്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂനിഫോമും വിതരണത്തിന് തയാറായിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യൂനിഫോമിനായി അനുവദിച്ച തുകയും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലെത്തിയിട്ടുണ്ട്. എ.പി.എല്‍, ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഓരോ വിദ്യാര്‍ഥിക്കും 400 രൂപയാണ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."