മോദിയെ അധിക്ഷേപിച്ചതിനാണ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് എം.പി
മുംബൈ: എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ വെട്ടിലായ ശിവസേനാ എം.പി പുതിയ ന്യായീകരണവുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ചതിനുള്ള റിയാക്ഷനായിട്ടാണ് താന്‍ എയര്‍ ഇന്ത്യാ ജീവനക്കാരന്‍ സുകുമാര്‍ രാമനെ ചെരുപ്പൂരിയടിച്ചതെന്നാണ് ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക് വാദ് പറഞ്ഞത്.
ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സാഹചര്യത്തില്‍ ശിവസേനയും എം.പിയെ കാര്യമായി പിന്തുണച്ചിട്ടില്ല. ഇതിനിടയില്‍ ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്നുണ്ടായ ഇത്തരമൊരു നടപടിയെ ബി.ജെ.പിയും തള്ളിപ്പറഞ്ഞതോടെയാണ് തനിക്ക് പിന്തുണ ലഭിക്കുന്നതിനായി മോദിയെ കൂട്ടുപിടിച്ച് പുതിയ ന്യായീകരണവുമായി അദ്ദേഹം എത്തിയതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
സംഭവത്തില്‍ മാപ്പുപറയാന്‍ തയാറാകാത്തതിനാല്‍ എയര്‍ ഇന്ത്യയും രാജ്യത്തെ മറ്റ് അഞ്ച് സ്വകാര്യ എയര്‍ലൈന്‍ കമ്പനികളും ഗെയ്ക് വാദിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബിസിനസ് ക്ലാസ് നല്‍കാത്തതില്‍ പ്രകോപിതനായാണ് എം.പി ജീവനക്കാരനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിനുശേഷം ജീവനക്കാരനെ 25 തവണ താന്‍ ചെരുപ്പുകൊണ്ടടിച്ചുവെന്നും ഗെയ്ക് വാദ് വീരവാദം മുഴക്കിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും മോദിയെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന വാദം ഉന്നയിച്ചിരുന്നില്ല. താനൊരിക്കലും ബിസിനസ് ക്ലാസ് ചോദിച്ചിട്ടില്ലെന്നും ഗെയ്ക്‌വാദ് ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."