ഗൾഫിൽ കോവിഡ് മരണം പതിനൊന്നായി; സമൂഹ വ്യാപനം തടയാൻ നടപടികള്‍ കടുപ്പിച്ചു
ജിദ്ദ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നു .രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാന് ന്റെ സ്ഥിരീകരണം പുറത്തുവന്നതോടെ പ്രവാസികള്‍ ആശങ്കയിലാണ്. അതേസമയം, കൊവിഡ് 19 മൂലം ഗൾഫ് നാട്ടിൽ മരണ സംഖ്യ പതിനൊന്നായി. 228 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കവിഞ്ഞു. സഊദിയിലും ഒമാനിലും കോവിഡിന്‍റെ സമൂഹ വ്യാപനം തടയാൻ നടപടി കടുപ്പിച്ചു. ഇറാനിൽ മരണം 2517ൽ എത്തി.
റിയാദിൽ ഒരു സഊദി പൗരനും ഖത്തറിൽ ഒരു ബംഗ്ലാദേശ് പൗരനുമാണ് കോവിഡ് മൂലം ഇന്നലെ മരിച്ചത്. സഊദിയിൽ കോവിഡ് മരണം നാലായി. ഖത്തറിലാകട്ടെ ആദ്യ കോവിഡ് മരണവും. ബഹ്റൈനിൽ നാലും യു.എ.ഇയിൽ രണ്ടും പേർ നേരത്തെ കോവിഡ് മൂലം മരണപ്പെട്ടിരുന്നു. സഊദിയിൽ 99ഉം യു.എ.ഇയിൽ 63ഉം ഒമാനിൽ 21ഉം ഖത്തറിൽ 28ഉം കുവൈത്തിൽ 10ഉം ബഹ്റൈനിൽ ഏഴും കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. യു.എഇയിൽ സ്ഥിരീകരിച്ച 63 രോഗികളിൽ മുപ്പതും ഇന്ത്യക്കാരാണ്.
കോവിഡിന്‍റെ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സഊദി അറേബ്യയും ഒമാനും മുൻകരുതൽ നടപടികൾ ശക്തമാക്കി. മദീനയില്‍ ഹറമിനോട് ചേര്‍ന്ന പ്രധാന ആറ് മേഖലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുകയാണ്. ഇതിനു പുറമേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജിദ്ദ നഗരത്തിലും കര്‍ശനമാക്കി. ജിദ്ദയില്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും വിലക്കി. വൈകിട്ട് മൂന്ന് മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തല്‍ വരികയും ചെയ്യും.
രാജ്യത്ത് രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി വെളിപ്പെടുത്തിയ സാഹചര്യത്തിൽ മസ്കത്ത് പ്രവിശ്യയിൽ നിയന്ത്രണം വർധിപ്പിച്ചു. യുഎ.ഇ പ്രഖ്യാപിച്ച ത്രിദിന സമഗ്ര അണുനശീകരണ യജ്ഞം ഏപ്രിൽ 5 വരെ നീട്ടി. ഇതോടെ രാത്രികാലങ്ങളിൽ അനുമതി കൂടാതെ വാഹനവുമായി പുറത്തിറങ്ങിയാൽ കുടുങ്ങും. കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണം നിർദേശിക്കപ്പെട്ടവർ അതു ലംഘിച്ചാൽ 50,000 ദിർഹമായിരിക്കം ഫൈൻ.
കുവൈത്തിൽ ടാക്സി സർവീസുകൾ നിലച്ചു. കഫേകൾ അടച്ചുപൂട്ടി. ഖത്തറിൽ അവശ്യ കേന്ദ്രങ്ങൾ ഒഴികെ ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിലും വിദേശ ജോലിക്കാരുടെ ശമ്പളം മുടങ്ങില്ലെന്നാണ് അധികൃതർ ഉറപ്പു നൽകുന്നത്. ദുബൈയിൽ ഫ്രീസോൺ കമ്പനികൾക്ക് 6 മാസത്തെ വാടക ഇളവ് പ്രഖ്യാപിച്ചതും നേട്ടമായി.
അതേ സമയം സഊദിയിൽ ഏര്‍പ്പെടുത്തിയ ആഭ്യന്തര യാത്രാ വിലക്ക് രാജ്യത്തെ അവശ്യചരക്കു ഗതാഗത സര്‍വീസുകള്‍ക്ക് ബാധകമല്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രവിശ്യകള്‍ തമ്മിലുള്ള യാത്രാ വിലക്കില്‍ നിന്നും രാത്രി കാല കര്‍ഫ്യുവില്‍ നിന്നും അവശ്യ സര്‍വീസുകളായ പതിനൊന്ന് വിഭാഗത്തെ ഒഴിവാക്കിയതായി ജനറല്‍ സെക്യൂരിറ്റി വിഭാഗം അറിയിച്ചത്. നിയമ ലംഘനം ഭയന്ന് പലരും സര്‍വീസ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവയെ തുടര്‍ന്ന് അവശ്യ ചരക്ക് ഗതാഗത സര്‍വീസുകളില്‍ പലതും നിയമ ലംഘനം ഭയന്ന് സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."