കാര്‍ഷിക സെന്‍സസ് തുടങ്ങി: ജില്ലയില്‍ വിവര ശേഖരണം 452 വാര്‍ഡുകളില്‍ നിന്ന്
മലപ്പുറം: കാര്‍ഷിക മേഖലയ്ക്ക് അനുകൂലമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന കാര്‍ഷിക വിവര സമാഹരണം ജില്ലയില്‍ തുടങ്ങി. മഞ്ഞളാംകുഴി അലി എംഎല്‍എയുടെ വീട്ടില്‍ നിന്നാണു സെന്‍സസ് തുടങ്ങിയത്. ജില്ലയിലെ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 452 വാര്‍ഡുകളിലെത്തി ഇക്കണോമിക്‌സ് - സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു നിയോഗിച്ച ജീവനക്കാര്‍ വിവരങ്ങള്‍ ശേഖരിക്കും. കൃത്യമായി വിവരങ്ങള്‍ നല്‍കി ജീവനക്കാരുമായി സഹകരിക്കണമെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ വി. രാജേഷ് അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയുടെ അടിത്തറ സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ടു ശേഖരിക്കുക, കൃഷിഭൂമിയുടെ പൂര്‍ണ വിവരങ്ങള്‍, ഭൂവിനിയോഗം, ഭൂഉടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനിയുടെ ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിവരങ്ങളാണു ശേഖരിക്കുക. പുത്തന്‍ കാര്‍ഷിക നയങ്ങള്‍ക്ക് അടിസ്ഥാന വിവര ശേഖരണം, കാര്‍ഷിക സ്ഥിതിവിവരകണക്കു ശേഖരണത്തിനു സംയോജിത പരിപാടി തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സെന്‍സസ് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."