ഈ പുഞ്ചിരിക്ക് പിന്നിലുള്ളത് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്
കോഴിക്കോട്: മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊളത്തറയിലെ സ്‌നേഹനഗറിലെത്തുമ്പോള്‍ മാതാവ് ഫൗസിയയുടെ ഹൃദയത്തിലെ വലിയൊരു നൊമ്പരമായിരുന്നു മുഹമ്മദ് നിയാസ്. എന്നാല്‍ ഇന്ന് തന്റെ മകന്റെ ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് ദൈവത്തോട് സ്തുതി പറയുകയാണ് ആ മാതാവ്.
ജീവിതപ്രാരാബ്ധങ്ങള്‍ കൊണ്ടാണ് ബുദ്ധിവൈകല്യമുള്ള വയനാട് വെള്ളമുണ്ട മുഹമ്മദ് നിയാസെന്ന പതിമൂന്നുകാരനെ മാതാവ് കൊളത്തറയിലെ സ്‌നേഹമഹലിലാക്കിയത്. ആരോടും സംസാരിക്കാന്‍ ഇഷ്ടപ്പെടാതെ ഏതെങ്കിലും ഒരു മൂലയില്‍ ഒഴിഞ്ഞിരുന്ന നിയാസ് ഇന്ന് സ്‌കൂളിലെ മിടുക്കനായ കുട്ടിയാണ്. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍.
എന്നാല്‍ ഇന്ന് ഹാന്‍ഡ്‌വാഷ്, സോപ്പ് പൊടി, കുട, ചവിട്ടി എല്ലാം അവന്‍ സ്വന്തമായി നിര്‍മിക്കും. പാട്ടുപാടാനും ഇഷ്ടമാണ്. ഏതാണ് കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍ ഒരു ചെറുപുഞ്ചിരിയോടെ ചവിട്ടി നിര്‍മാണമെന്ന് നിയാസ് പറയും. അസാമാന്യമായ കൈത്തഴക്കത്തോടെ കുറഞ്ഞ നിമിഷങ്ങള്‍ കൊണ്ടാണ് ചവിട്ടി നിര്‍മാണം.
കോഴിക്കോട്ട് നടന്ന സി.എച്ച് മെമ്മോറിയല്‍ സ്‌പെഷല്‍ എംപ്ലോയീസ് സംഗമത്തില്‍ തത്സമയ നൈപുണി മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് നിയാസ്. ഇനിയും ഒരുപാട് സ്വപ്‌നങ്ങളുള്ള നിയാസിന് തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്തതിന്റെ വിഷമവുമുണ്ട്.
വീട്ടുജോലിയെടുത്തും ഒട്ടേറെ പ്രയാസപ്പെട്ടുമാണ് നിയാസിന്റെ മാതാവ് നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നത്. എങ്കിലും മാതാവിനെ കുറിച്ചോര്‍ക്കുമ്പോള്‍ അറിയാതെ നിയാസിന്റെ മുഖത്ത് പുഞ്ചിരി വിടരും. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുള്ള കളങ്കമില്ലാത്ത പുഞ്ചിരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."