കോടതിയുടെ സമൻസ് അവഗണിച്ചതിനെ തുടർന്ന് അറസ്റ്റിലായ മലയാളിക്ക് ജയിൽ മോചനം
റിയാദ്: കോടതിയുടെ സമൻസ് അവഗണിച്ചതിനെ തുടർന്ന് അറസ്റ്റിലായ മലയാളിക്ക് കെ.എം.സി.സിയുടെ ഇടപ്പെടൽ വഴി മോചനം. തൃശ്ശൂർ ചാവക്കാട് സ്വദേശി മുഹമ്മദ് റാഷിദാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ഇടപ്പെട്ടതിനെ തുടർന്ന് ജയിൽ മോചിതനായത്. വാഹനാപടത്തെ തുടർന്ന് എതിർ കക്ഷി നൽകിയ കേസിൽ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടക്കുകയായിരുന്നു.
റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന റാഷിദ് ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ വർഷം ഒക്ടോബറിൽ ജുബൈലിൽ വെച്ച മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ആ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാൻ പൗരന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനത്തിന് ഇൻഷുറൻസ് ഉള്ളതിനാൽ അന്ന് തന്നെ കേസ് തീർപ്പായെന്നാണ് റാഷിദ് കരുതിയിരുന്നത്. എന്നാൽ പാക് പൗരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് കോടതി റാഷിദിന് സമൻസ് അയച്ചെങ്കിലും
അന്ന് അറബി ഭാഷ പരിജ്ഞാനമില്ലാത്ത തിനാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റി വെച്ചിരുന്നു. വാഹനത്തിന്
ഇൻഷുറൻസുളളതിനാൽ ഹാജറാവേണ്ടതില്ല എന്ന് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് പിന്നീട് ഹിയറിങ്ങിനൊന്നും റാഷിദ് ഹാജരായില്ല. പിന്നീട് ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കാൻ ട്രാഫിക് പോലീസിലെത്തിയപ്പോഴാണ് തന്റെ പേരിൽ കോടതിയിൽ കേസുള്ള വിവരമറിയുന്നത്. ഇതെ തുടർന്ന് അവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ബന്ധു അറിയിച്ചതനു സരിച്ചാണ് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങ് ചെയർമാൻ വിഷയത്തിലിടപെടുന്നത്. അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ റാഷിദിനെ ജുബൈൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും അവിടെ വെച്ച് സ്പോൺസറുടെ ജാമ്യത്തിലിറക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങളിൽ സഊദി നീതിന്യായ മന്ത്രാലയത്തിന്റെ വെബ് സൈറ്റായ നാജിസ് ( https://najiz.moj.gov.sa ) പോർട്ടൽ വഴി അബ്ശിർ എക്കൗണ്ട് ഉപയോഗിച്ച് വിശദ വിവരങ്ങളറിയാമെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും സിദ്ദീഖ് തുവ്വൂർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."