കലക്ടര്‍ ബ്രോയെ ഇഷ്ടമാണ്, പക്ഷെ
കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തുമായി വളരെ നല്ല സൗഹൃദമുണ്ട്. അദ്ദേഹം ആവിഷ്‌കരിച്ച ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലയിലെ യൂത്ത് ലീഗ് ഭാരവാഹി എന്ന നിലയില്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുമുണ്ട്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴിമതിയും സിവില്‍ സര്‍വ്വീസിനെ വരിഞ്ഞുമുറുക്കുമ്പോഴും പ്രതീക്ഷ നല്‍കുന്ന ഒരു വ്യക്തിത്വമാണദ്ധേഹം. ഒരുപാട് ഉയരങ്ങളിലെത്താന്‍ അവസരവും കാലവുമുള്ള ചെറുപ്പക്കാരന്‍. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട കലക്ടര്‍ ബ്രോ..
ബഹുമാന്യനായ കലക്ടര്‍ സര്‍,
കോഴിക്കോട്ടുകാര്‍ക്ക് അങ്ങ് എത്രത്തോളം പ്രിയങ്കരനാണോ അതിലേറെ പ്രിയങ്കരനാണ് ലക്ഷക്കണക്കിനു സാധാരണക്കാരുടെ പിന്തുണയുള്ള എം.കെ രാഘവന്‍ എന്ന എം.പി. കലക്ടറുടെ കൊടിവെച്ച കാറു പോലും ജീവിതത്തിലൊരിക്കലും കാണാത്ത ആയിരക്കണക്കിനാളുകള്‍ ഈ ജില്ലയിലുണ്ട്.
അവര്‍ക്കിടയില്‍ ഒരു കൂലിയും വാങ്ങാതെ അവരുടെ സങ്കടങ്ങളിലേക്ക് പറന്നെത്തുന്ന ആശ്വാസത്തിന്റെ ആള്‍ രൂപമാണ് എം.കെ.രാഘവന്‍. അവരുടെയെല്ലാം വീട്ടിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞ അഞ്ചെട്ട് വര്‍ഷമായി അവര്‍ക്കിടയിലുള്ള ഒരാളെ അപമാനിക്കുന്നത് കുറച്ച് കടന്ന കയ്യായിപ്പോയി. താങ്കളെ പോലെ തന്നെ, കറകളഞ്ഞ പൊതുപ്രവര്‍ത്തന പാരമ്പര്യവും വര്‍ഷങ്ങളുടെ പരിചയ സമ്പന്നതയുമുള്ള മാതൃകായോഗ്യനായ ഒരാളെ വിരട്ടാന്‍ മാത്രം ഐ.എ.എസ് എന്ന മൂന്നക്ഷരം ഉപയോഗിച്ചാല്‍ അത് ജനാധിപത്യത്തിന്റെ മരണമണിയാവില്ലേ. സുരേഷ് ഗോപി സ്റ്റെയിലില്‍ പറഞ്ഞാല്‍ ഏത് ജനപ്രതിനിധിയുടെയും പ്രോട്ടോകോളിന്റെ താഴെ തന്നെയാണ് താങ്കളുടെ ഐ.എ.എസ് നിലനില്‍ക്കുക.
ഒരു ജനപ്രതിനിധിയാവുക എന്നത് അത്ര സുഖകരമായ കാര്യമൊന്നുമല്ല സര്‍. അതറിയണമെങ്കില്‍ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും മല്‍സരിച്ചു ജയിക്കണം. ആരാന്റെ കയ്യിലുള്ള വോട്ട് അവനവന്റെ പെട്ടിയില്‍ വീഴണമെങ്കില്‍ ഇശ്ശി പണിയൊക്കെയുണ്ട് സര്‍.
അങ്ങിനെ ജയിച്ചു കയറി വന്ന ആള്‍ ഓരോ നിമിഷവും സോഷ്യല്‍ ഓഡിറ്റിനു വിധേയമാവുകയുമാണ്. ഓരോ നിമിഷവും അവരെ ജനങ്ങള്‍ വിചാരണ ചെയ്യുന്നുമുണ്ട്.
രാഷ്ട്രീയ രംഗത്തും കള്ള നാണയങ്ങളുണ്ടാകാം.. എന്നാലും സിവില്‍ സര്‍വ്വീസിനോളം അത് താഴെപ്പോയിട്ടില്ലെന്നാണെന്റെ വിശ്വാസം. ഏതായാലുംആ കുന്നംകുളത്തിന്റെ മാപ്പ് രാഘവേട്ടനു ചേരില്ല. അത് സ്വന്തക്കാരെയാരെങ്കിലും കാണുമ്പോള്‍ നേരിട്ടെല്‍പ്പിക്കുന്നതാവും നന്നാവുക.
നജീബ് കാന്തപുരം (ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."