ദുരന്തങ്ങളുടെ ബാക്കിപത്രം
പ്രകൃതി ദുരന്തങ്ങളും മാറാവ്യാധികളും വന്നു നമ്മെ വരിഞ്ഞുമുറുക്കുമ്പോള്‍ പലരും ചിന്തിച്ചു പോകുന്നു, എന്തൊരു പരീക്ഷണം! നമുക്ക് മാത്രമെന്തേ ദൈവം ഇങ്ങനെ പരീക്ഷണങ്ങള്‍ തന്ന് പീഡിപ്പിക്കാന്‍ നാം എന്തൊരു കെട്ട ജനതയാണ്? ദൈവം / പ്രകൃതി നമ്മെ ഇങ്ങനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നു! അങ്ങനെ വല്ലാതെ നിരാശയും ഇച്ഛാഭംഗവും തോന്നുന്നവര്‍ ചരിത്രത്തിലേക്ക് ഒന്ന് പാളി നോക്കുന്നത് നല്ലതാണ്. ചരിത്രം നല്ലൊരു ഗുരുവാണ്. മികച്ചൊരു ഉപദേശിയാണ്. മേത്തരം സാന്ത്വന ദാതാവാണ്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന പലതും നാം ഇപ്പോള്‍ നേരിടുന്നതിനേക്കാള്‍ എത്രയോ ഭീകരവും ഭയാനകവുമായിരുന്നു. അവയിലൂടെ കണ്ണോടിച്ചു നോക്കുമ്പോള്‍ നമ്മുടെ ഇപ്പോഴത്തെ ദുരിതങ്ങള്‍ തുലോം നിസാരവും നാമമാത്രവുമാണെന്ന് ബോധ്യപ്പെടും. മാത്രമല്ല, മറ്റൊരു സത്യം കൂടി നാം അറിഞ്ഞിരിക്കണം. പ്രളയം, വരള്‍ച്ച, ഭൂകമ്പം, മഹാമാരികള്‍ എന്നിവയിലൂടെ നേരിട്ട ജനന, ധന നഷ്ടത്തേക്കാള്‍ എത്രയോ കൂടതല്‍ കഷ്ടവും നഷ്ടവും മനുഷ്യര്‍ നേരിട്ടത് സഹജീവികള്‍ തന്നെ ഇളക്കിവിട്ട യുദ്ധങ്ങള്‍ മൂലവും പോരാട്ടങ്ങള്‍ കാരണവും ആണ്. ചരിത്രം തന്നെയാണിത് പറഞ്ഞു തരുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പേരില്‍ ദൈവത്തില്‍ സംശയിക്കുന്നവരും അവിശ്വസിക്കുന്നവരും ഈ യാഥാര്‍ഥ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തിനും ഏതിനും ദൈവത്തെ പ്രതിക്കൂട്ടിലാക്കാനും ദൈവ വിശ്വാസികളെ കളിയാക്കാനും ഔത്സുക്യം കാണിക്കുന്നവര്‍ സ്വയം കൃതാനര്‍ത്ഥം കൊണ്ട് ലോകത്തുണ്ടാകുന്നത് പ്രകൃത്യാ സംഭവിക്കുന്നതിലും എത്രയോ മടങ്ങ് കൂടുതലാണെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ.
ദൈവം ഇത്തരം ദുരിതങ്ങളും ദുരന്തങ്ങളും നല്‍കുന്നതിന് യുക്തിസഹമായ കാരണങ്ങളുണ്ടെന്ന് കരുതി ദൈവവിശ്വാസികള്‍ ആശ്വസിക്കുന്നു. എന്നാല്‍ എല്ലാം പ്രകൃത്യാ സംഭവിക്കുന്നതാണെന്ന് ധരിച്ചു നടക്കുന്ന പ്രകൃതിവാദികള്‍ക്ക് അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യതയുണ്ട്. അതില്‍ അവര്‍ വിജയിച്ചില്ലെങ്കില്‍ അത് സ്വന്തം പരാജയമായി സമ്മതിക്കേണ്ടി വരും. അതേസമയം ദൈവവിശ്വാസി ഇത്തരം ദുരന്തങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുമെങ്കിലും അതില്‍ വിജയിച്ചില്ലെങ്കില്‍ അത് അവനെ ഇച്ഛാഭംഗത്തിലാക്കില്ല. കാരണം എല്ലാറ്റിലും മേലെ സര്‍വശക്തനായ ദൈവത്തിന്റെ ഹിതവും ഇംഗിതവും ഉണ്ടെന്നവന്‍ വിശ്വസിക്കുന്നു. അവന്റെ യുക്തിയും തന്ത്രവും മനുഷ്യ ബുദ്ധിക്കപ്രാപ്യമായതിനാല്‍ അതില്‍ നിരാശപ്പെടേണ്ട കാര്യമുണ്ടാകില്ല.
ലോകത്തെ ഏറ്റവും കടുത്തതും ഗുരുതരവുമായ മഹാമാരി 1918 -19 കാലത്ത് ലോകത്തെ പിടിച്ചുലച്ച ഇന്‍ഫ്‌ലുവന്‍സാ (കിളഹൗലി്വമ ുമിറലാശര എഹൗ) യായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ഈ മഹാമാരിയില്‍ അഞ്ചു കോടിയോളം പേര്‍ക്ക് ജീവഹാനി നേരിട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ മാത്രം 17 മില്യന്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അമേരിക്കയില്‍ 6.5 ലക്ഷം പേര്‍ക്ക് ജീവാപായമുണ്ടായി. അന്നത്തെ ലോക ജനസംഖ്യ ഏതാണ്ട് 160 കോടി മാത്രമായിരുന്നുവെന്ന് കൂടി ഓര്‍ക്കണം.
എന്നാല്‍ 1769 - 73 കാലത്ത് ഇന്ത്യയില്‍ താണ്ഡവമാടിയ കൊടും പട്ടിണിയില്‍ ഒരു കോടിയിലധികം ജനങ്ങളാണത്രെ മരിച്ചുവീണത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന വരള്‍ച്ചയെ തുടര്‍ന്നു ഭക്ഷ്യയോഗ്യമായ ഒന്നും ലഭിക്കാതെ ധാരാളം മൃഗങ്ങളും ജീവികളും ചത്തൊടുങ്ങിയതിന് പുറമെയാണ് ഇത്രയധികം മനുഷ്യജീവനുകള്‍ നഷടപ്പെട്ടത്.
1876 - 79 കാലത്ത് ചൈനയിലുണ്ടായ വരള്‍ച്ചയെ തുടര്‍ന്നു ഒമ്പത് മില്യനിലധികം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 1931ല്‍ ചൈനയില്‍ തന്നെയുണ്ടായ പ്രളയത്തില്‍ 3.7 മില്യന്‍ മനുഷ്യര്‍ക്ക് ജീവപായമുണ്ടായി.
ഇതൊക്കെ പ്രകൃതി ദുരന്തമാണെങ്കില്‍ ഇനി മനുഷ്യര്‍ സ്വയം സഹജീവികള്‍ക്കെതിരേ നടത്തിയ കൊലവിളികളില്‍ മരിച്ചുവീണവരുടെ കണക്ക് കൂടി നാം കേള്‍ക്കേണ്ടതുണ്ട്. അപ്പോഴറിയാം ദുരന്തങ്ങളുണ്ടാകുമ്പോള്‍ വലിയ സഹാനുഭൂതിയോടെ സഹായഹസ്തവുമായി പാഞ്ഞടുക്കുന്ന ഭരണാധികാരികള്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങളുടെ പൂരണത്തിന് വേണ്ടിയും ശത്രുസംഹാരത്തിന് വേണ്ടിയും നടത്തിയ യുദ്ധങ്ങള്‍ എത്ര വലിയ ദുരിതങ്ങളാണ് മാനവസമൂഹത്തിന് സമ്മാനിച്ചതെന്ന്.
പത്ത് ലക്ഷത്തിലധികം പേരുടെ ആളപായമുണ്ടായ 38 യുദ്ധങ്ങളുടെ പട്ടിക ഗൂഗിള്‍ നല്‍കുന്നുണ്ട്. 1803 - 1815 കാലത്ത് യൂറോപ്പില്‍ നെപ്പോളിയന്‍ നയിച്ച തേരോട്ടത്തില്‍ മരിച്ചുവീണവരുടെ സംഖ്യ 4,582,576 ആണത്രെ. ഒന്നാം ലോകമഹായുദ്ധത്തില്‍ 20 മില്യനിലധികം പേര്‍ കൊല്ലപ്പെട്ടു. റഷ്യയിലെ ആഭ്യന്തര യുദ്ധത്തില്‍ (1917 - 22 ) മരണം 67 ലക്ഷത്തിന് മുകളിലാണ്. തൈമൂര്‍ ലങ്കിന്റെ തേരോട്ടത്തില്‍ 15 മില്യന്‍ പേരുടെ ജീവഹാനി. ചൈനയിലെ മീങ്ങ് ഷീങ്ങ് പോരാട്ടത്തില്‍ 25 മില്യനിലധികം പേരുടെ ആള്‍നാശം. ചൈനയിലെ തന്നെ തായ് പോങ്ങ് കലാപത്തില്‍ 30 മില്യന്‍ പേരുടെ നഷ്ടം. ചൈനയില്‍ തന്നെ ആന്‍ ഷീ കലാപത്തില്‍ 36 മില്യന്‍ പേരുടെ അന്ത്യം. മുഗളരുടെ മുന്നേറ്റത്തില്‍ 45 മില്യനിലധികം മരണം. ആഫ്രിക്കന്‍ മഹായുദ്ധത്താല്‍ 36 ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ 25 ലക്ഷത്തില്‍ പരം പേര്‍. ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം പേര്‍ മരിച്ചുവീണു. ചൈന - ജപ്പാന്‍ യുദ്ധത്തില്‍ ( 1937 - 45 ) 25 മില്യനിലധികം മരണം. രണ്ടാം ലോകമഹായുദ്ധം (1939 - 45) 58 മില്യനിലധികം പേരുടെ ജീവനെടുത്തു.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും ലക്ഷക്കണക്കിന് സഹജീവികളെ കൊല്ലാക്കൊല ചെയ്ത മനഷ്യര്‍ തന്നെയാണ് പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലുമായി മരണപ്പെടുന്നവരുടെ പേരില്‍ ദൈവത്തോട് വിമ്മിഷ്ടപ്പെടുന്നത്. ദൈവം ഉണ്ടെങ്കില്‍ അവന്‍ അത്ര ക്രൂരനാണോ എന്നൊക്കെ ചോദിച്ചു പരിഹസിക്കുന്നവരും ഇത്തരം ദുരിത വേളകളില്‍ ഒരു കൈത്താങ്ങും നല്‍കാത്ത ദൈവത്തെയാണോ നിങ്ങള്‍ സദാ ആരാധിക്കുന്നതെന്ന് കളിയാക്കുന്നവരും മനസിലാക്കേണ്ട യാഥാര്‍ഥ്യമുണ്ട്. മനുഷ്യന്‍ അധികാരക്കൊതി മൂലവും പ്രതികാരദാഹത്താലും നടത്തുന്ന പടയോട്ടങ്ങളില്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരേക്കാള്‍ ഒട്ടും പിന്നിലല്ല, ദൈവനിഷേധികളും പ്രകൃതി വാദികളുമായ നേതാക്കള്‍. ലോകത്ത് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ സേവനങ്ങളും സംഭാവനകളും കാഴ്ചവച്ചവരുടെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ വിശ്വാസവും അത് സൃഷ്ടിക്കുന്ന കാരുണ്യവും ആര്‍ദ്രതയുമാണ് അവര്‍ക്ക് അതിന് പ്രചോദനമാകുന്നതെന്ന് കാണാം.
എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും മതത്തിന്റെയും ദൈവത്തിന്റെ പേരിലുള്ള ചൂഷണങ്ങളില്ലാത്ത, സ്ഥിതിസമത്വം കളിയാടുന്ന ലോകത്തിന് വേണ്ടി നിലകൊള്ളുന്നവരെന്ന് മേനി നടിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകാര്‍ ഭരണം നേടാനും കിട്ടിയ ഭരണം നിലനിര്‍ത്താനും വിപുലീകരിക്കാനും വേണ്ടി നടത്തിയ കൂട്ടക്കൊലകളും വംശീയ ഉന്മൂലനങ്ങളും ചരിത്രത്തില്‍ കറുത്ത ഏടുകളായി നിലനില്‍ക്കുന്നു. 1900 - 1987 കാലത്ത് കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലകളില്‍ 85 ലക്ഷം മുതല്‍ 110 മില്യന്‍ വരെ മനുഷ്യര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്റ്റാലിന്‍ ഭരണത്തില്‍ സോവിയറ്റ് യൂനിയനില്‍ നടന്ന നരമേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ തന്നെ 20 മില്യനില്‍ കൂടുതല്‍ വരുമെന്നാണ് കണക്ക്. എന്നാല്‍ മാവോയുടെ കാലത്തും ഭരണത്തിലും ചൈനയില്‍ നടന്ന മനുഷ്യ കശാപ്പിന്റെ കണക്കില്‍ 77 മില്യന്‍ വരെ പേര്‍ കൊല്ലപ്പെട്ടുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. വെറും സാംസ്‌കാരിക വിപ്ലവത്തോടനുബന്ധിച്ച് മാത്രം 75 ലക്ഷം മുതല്‍ 1.5 മില്യന്‍ വരെ മരിച്ചുവീണത്രെ. രാജ്യത്ത് പട്ടിണി വ്യാപിക്കുകയും ജനങ്ങള്‍ക്ക് മൊത്തം നല്‍കാന്‍ വേണ്ട ഭക്ഷ്യധാന്യം ഇല്ലാതെ വരികയും ചെയ്തപ്പോള്‍ ഭക്ഷണം മതിയാകുന്നവരെ നിലനിര്‍ത്തി അവശേഷിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കിയ കഥയും കമ്യൂണിസ്റ്റ് ചൈനയില്‍നിന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ മതത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ മൊത്തം പരിഗണിച്ചാല്‍ ഇതിന്റെയൊന്നും നാലയലത്ത് പോലും എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊലപാതകങ്ങള്‍ എന്തിന്റെ പേരിലാണെങ്കിലും അതിനെ ന്യായീകരിക്കുകയല്ല. പക്ഷെ, ദൈവ നിഷേധികള്‍ വലിയ ശുദ്ധന്‍മാരായി ചമഞ്ഞു പോരാട്ടങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും മതത്തിന്റെ മാത്രം കണക്കില്‍ എഴുതിച്ചേര്‍ക്കുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയെന്ന് മാത്രം.
ദൈവവിശ്വാസികള്‍ മറ്റൊരു ലോകം സ്വപ്നം കാണുന്നവരാണ്. ഇവിടെ എത്ര ദുരിതങ്ങള്‍ നേരിട്ടാലും അതെല്ലാം തങ്ങളുടെ നന്മകളുടെ പട്ടികയില്‍ എഴുതിച്ചേര്‍ക്കുമെന്നും അതിന്റെ പേരില്‍ തങ്ങള്‍ക്ക് പാരത്രിക ലോകത്ത് കൂടുതല്‍ സാന്ത്വനവും സന്തോഷവും ലഭിക്കുമെന്ന പ്രതീക്ഷ അവരെ ഉത്സാഹികളും ആവേശഭരിതരുമാക്കുന്നു. അത്തരം വിശ്വാസം വച്ചുപുലര്‍ത്താത്തവരാണ് ജീവിതത്തില്‍ പതറിപ്പോകുന്നത്. പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ നിരാശയും ഇച്ഛാഭംഗവും ബാധിച്ചു ജീവച്ഛവങ്ങളായി മാറുന്നത്. ഒരു പക്ഷെ, ഇടയ്ക്കിടെ പ്രകൃതിദുരന്തമായും മഹാമാരികളായും ഇത്തരം അനുഭവങ്ങള്‍ ദൈവം നല്‍കുന്നത് അവശേഷിക്കുന്നവര്‍ക്ക് ഗുണപാഠവും ഉല്‍ബോധനവും നല്‍കാന്‍ വേണ്ടിയായിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."