ഓഷ്‌വിറ്റ്‌സിലേക്കുള്ള വണ്ടി പുറപ്പെടും മുമ്പ്
2014-ലെ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കപ്പെട്ട ആര്‍.എസ്.എസ് നേതൃ ശിബിരത്തില്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന് അനുയായികളെ ഉണര്‍ത്താനുണ്ടായിരുന്നത് ഇതാണ്: 'ഇത്തവണ അധികാരം നമ്മുടെ കൈയില്‍ വന്നുപെട്ടാല്‍ പിന്നീട് 25 വര്‍ഷത്തേക്ക് തിരിഞ്ഞു നോക്കേണ്ടിവരില്ല'. കിട്ടിയ അവസരം വച്ച് രാജ്യത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ ആര്‍.എസ്.എസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ചുരുക്കം. ആ അവകാശവാദം വെറും വീണ്‍വാക്കല്ലെന്ന് നാലു വര്‍ഷത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചു. രാജ്യഗാത്രത്തിന്റെ അഖില കോശങ്ങളിലേക്കും ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇരച്ചുകയറിയപ്പോള്‍ സംഘ്പരിവാരം വിഭാവന ചെയ്യുന്ന വി.ഡി സവര്‍ക്കറും എം.എസ് ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഹൈന്ദവ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ഒരു ഭരണക്രമത്തിലേക്ക് രാജ്യം കുതിക്കുന്നത് ലോകത്തിന് ഞെട്ടലോടെ കാണേണ്ടിവന്നു. നരേന്ദ്രമോദിയുടെ ഇന്ത്യയെ ഫാസിസ്റ്റ് ഭരണകൂടമായി അടയാളപ്പെടുത്തേണ്ടതുണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിന്നപ്പുറം ഒരു യാഥാര്‍ഥ്യമുണ്ട്. രാഷ്ട്രശില്‍പികള്‍, ബൃഹത്തായ ഒരു ലിഖിത ഭരണഘടനയിലൂടെ സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ട ഒരു രാഷ്ട്രമല്ല കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ നിലനില്‍ക്കുന്നതെന്നും അതിന്റെ ആധാരശിലകള്‍ തകര്‍ക്കപ്പെട്ടിരിക്കുകയാണെന്നും എല്ലാവരുമൊരു പോലെ സമ്മതിക്കുന്നു. ഇനിയൊരു ഊഴവും കൂടി നരേന്ദ്രമോദിക്കു വകവച്ചുകൊടുത്താല്‍ ഇന്ത്യ എന്ന മഹത്തായ ആശയം തന്നെ അസ്തമിക്കുമെന്ന ഭീതി, നേരേ ചൊവ്വേ ചിന്തിക്കുന്ന മുഴുവന്‍ മനുഷ്യരേയും പിടികൂടിയത് അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ്. 'ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ജീവനുകളെ' ഉന്മൂലനം ചെയ്യുന്നതിന് എണ്ണമറ്റ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലൊന്നായ ഓഷ്‌വിറ്റ്‌സിലേക്ക് തീവണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുന്നതിനു മുമ്പ്, അഡോള്‍ഫ് ഹിറ്റ്‌ലറും 'എസ്.എയും എന്തെല്ലാം നിഷ്ഠൂരതകള്‍ പുറത്തെടുത്തുവോ അവയുടെ ഇന്ത്യന്‍ ഭാഷ്യങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷമായി ഹിന്ദുത്വ ഭരണത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഗോസംരക്ഷക ഗുണ്ടകളെന്നോ കത്‌വയിലെ കാപാലികരെന്നോ വ്യാജ ഏറ്റുമുട്ടലിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്ന പൊലിസെന്നോ നാം വാര്‍ത്തകളില്‍ വായിച്ചു പോകുന്നവരെല്ലാം അഭിനവ നാസികളുടെ കുപ്പായമിട്ട് ഹീനമായൊരു പ്രത്യയശാസ്ത്രം തങ്ങളെ ഏല്‍പിച്ച ദൗത്യങ്ങള്‍ ഭംഗിയായി നിറവേറ്റുന്നവരാണെന്ന യാഥാര്‍ഥ്യം എന്തിനു മറച്ചുപിടിക്കണം.
പ്രതിപക്ഷത്തിന്റെ തിരിച്ചറിവ്
2024 വരെ നരേന്ദ്രമോദിയെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ ഇന്നീ കാണുന്ന ഇന്ത്യ നിലനില്‍ക്കില്ലെന്ന തിരിച്ചറിവ് ക്രാന്തിദര്‍ശികളില്‍ മാത്രമല്ല, പൊതുവെ വകതിരിവ് കാണിക്കാത്ത നേതാക്കളില്‍ പോലും ഉണ്ടായിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ആശ്വാസം പകരുന്നതാണീ കാഴ്ച. മതേതര-ജനാധിപത്യ ഇന്ത്യയെ വര്‍ഗീയ ഫാസിസത്തില്‍ നിന്ന് മോചിപ്പിച്ചെടുക്കാനുള്ള ഏറ്റവുമൊടുവിലത്തെ അവസരം മതേതര പാര്‍ട്ടികള്‍ എന്നു സ്വയം അവകാശപ്പെടുന്ന കക്ഷികളും പക്ഷങ്ങളും ഉത്തരവാദിത്ത ബോധത്തോടെ പ്രയോജനപ്പെടുത്തുമോ എന്നതാണ് കാതലായ ചോദ്യം. രാഷ്ട്രീയ വൈരാഗ്യങ്ങളും വ്യക്തിവിദ്വേഷങ്ങളും നിക്ഷിപ്ത താല്‍പര്യങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവച്ച് ഹിന്ദുത്വ ഫാസിസം എന്ന പൊതുശത്രുവിനെ നേരിടാന്‍ ഫലപ്രദമായ തന്ത്രങ്ങള്‍ മെയ്യാന്‍ ഈ കൂട്ടുകെട്ടിന് സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ പോകുന്നത്. കര്‍ണാടകയില്‍ 224 അംഗ നിയമസഭയില്‍ കേവലം 104 അംഗബലമുള്ള ബി.ജെ.പി അധികാരം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും പരാജയപ്പെടുത്തിയ അപൂര്‍വമായ ഇച്ഛാശക്തി ഹിന്ദുത്വ വിരുദ്ധ ചേരിക്ക് പകര്‍ന്ന ആവേശം അതിന്റെ പാരമ്യത്തിലെത്തിയത് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ കെങ്കേമമാക്കിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവിളംബരമാണ് ജനാധിപത്യ ഇന്ത്യ സമീപകാലത്തൊന്നും ദര്‍ശിക്കാത്ത മനോഹര കാഴ്ച. മോദി-അമിത്ഷാ പ്രഭൃതികളുടെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ ത്രാണിയുള്ളവര്‍ ആരുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 20 പ്രതിപക്ഷ നേതാക്കളുടെ ആവേശകരമായ ആ അണിചേരല്‍.
രാഷ്ട്രീയ വൈരം മൂത്ത് ഭിന്ന ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍ തൊട്ടുരുമ്മി ഇരുന്നതും കുശലം പറഞ്ഞതും മോദി യുഗത്തിനും ഹിന്ദുത്വ വാഴ്ചക്കും ഒരു പകലന്തി മോഹിക്കുന്നവരുടെ കണ്ണ് കുളിര്‍പ്പിച്ചു. രാഷ്ട്രീയപരമായി ഭിന്ന താല്‍പര്യങ്ങളും തന്ത്രപരമായി വിരുദ്ധ ശൈലിയുള്ള ഒരു നേതൃനിര, ഒരേ ലക്ഷ്യത്തില്‍ സന്ധിക്കുമ്പോള്‍ അത് പകരുന്ന ഊര്‍ജം അനിതരസാധാരണമാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ച 'ത്യാഗം' അപൂര്‍വമാണ്. 78 അംഗങ്ങളുള്ള പാര്‍ട്ടി 38 അംഗബലമുള്ള പാര്‍ട്ടിക്ക് ഭരണ നേതൃത്വം വിട്ടുകൊടുത്തത്, കാലം അതാവശ്യപ്പെടുന്നതു കൊണ്ടാണ്. ചരിത്രത്തിന്റെ ആവര്‍ത്തനം കൂടിയാണിത്. 1996-ല്‍ എ.ബി വാജ്‌പേയിക്ക് 13 ദിവസം ഭരിച്ച് ഡല്‍ഹി സിംഹാസനത്തില്‍ നിന്ന് താഴെ ഇറങ്ങേണ്ടിവന്നപ്പോള്‍, കേവലം 17 എം.പിമാര്‍ മാത്രമുള്ള ദള്‍ നേതാവ് ദേവഗൗഡയെ പ്രധാനമന്ത്രി പദത്തിലേക്ക് ആനയിക്കേണ്ട ബാധ്യത സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിനു മേല്‍ വന്നുപെട്ടു.
ദേശീയ മുന്നണി പരീക്ഷണം പരാജയത്തില്‍ കലാശിക്കുകയും ഹിന്ദുത്വ ഭീഷണി തലക്കു മുകളില്‍ തൂങ്ങിക്കിടക്കുകയും ചെയ്ത ചരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് ഏക കക്ഷി ഭരണം എന്ന ജന്മസിദ്ധ അഹങ്കാരം തന്നെ മാറ്റിവച്ച് കൂട്ടുകക്ഷി സര്‍ക്കാരിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ പരിചിന്തനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. 2003-ല്‍ ഷിംലയിലെ കൊടും തണുപ്പില്‍ ഉറക്കമൊഴിച്ച് കൂട്ടായി ചിന്തിച്ചപ്പോഴാണ് 'ഐക്യ പുരോഗമന സഖ്യം' (യുനൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സ്-യു.പി.എ) എന്ന പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സംവിധാനം പിറവികൊള്ളുന്നത്. 'ഇന്ത്യ തിളങ്ങുന്നു' എന്ന വ്യാജ മുദ്രാവാക്യം ദേശീയ കാംപയിനായി വികസിപ്പിച്ച് വാജ്‌പേയി-അദ്വാനി പ്രഭൃതികള്‍, ബി.ജെ.പി ഭരണം രൂഢമൂലമാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ കാലസന്ധി. ചെറുതും വലുതുമായ 24 കക്ഷികളുടെ പിന്‍ബലത്തോടെ രാജ്യം ഭരിച്ച വാജ്‌പേയി, ഹിന്ദുത്വ അജണ്ടകള്‍ കോള്‍ഡ് സ്‌റ്റോറേജില്‍ വച്ച്, രാഷ്ട്രീയ ഞാണിന്മേല്‍ കളിയിലൂടെ ആത്മവഞ്ചന തുടരുകയായിരുന്നു അപ്പോഴും. അധികാരം തിരിച്ചുപിടിക്കാനുള്ള നിതാന്തശ്രമത്തിനിടയില്‍ ഇന്നത്തെപ്പോലെ സോണിയ വിട്ടുവീഴ്ചക്ക് തയാറായി. രാംവിലാസ് പാസ്വാന്റെ വീടു വരെ കയറിച്ചെന്നു. സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിതിനെ മുന്നില്‍ നിര്‍ത്തി പോരാട്ടവീഥി ജ്വലിപ്പിച്ചു. പൊതു മിനിമം പരിപാടിയുടെ കോപ്പികളെടുത്ത് മതേതര പാര്‍ട്ടികളുടെ മുന്നില്‍ ചെന്ന് കേണപേക്ഷിച്ചു; ഹിന്ദുത്വ ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു മുസ്‌ലിംകളോട് മാപ്പിരക്കാന്‍ ആര്‍ജവം കാണിച്ചു. അങ്ങനെയാണ് 2004-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത്.
2004-14 കാലഘട്ടങ്ങളില്‍ രണ്ടു പൊതുതെരഞ്ഞെടുപ്പില്‍ മാത്രമല്ല 21 നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയം വരിച്ചു. ഡോ. മന്‍മോഹന്‍സിങ് എന്ന സംശുദ്ധ വ്യക്തിത്വത്തിന്റെ നേതൃത്വത്തില്‍ പത്തു വര്‍ഷം ഭരണം നടത്തിയതിന്റെ ബാലന്‍സ്ഷീറ്റ്, അഴിമതിയില്‍ മുങ്ങിത്താണ ഒരു പ്രതിച്ഛായ മാത്രമായിരുന്നു. അങ്ങനെയാണ് 2014-ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം സമ്മാനിച്ചുകൊണ്ട് 543-ല്‍ 44 സീറ്റ് മാത്രം നേടി പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനം ഏറ്റുവാങ്ങുന്നത്. ജനാധിപത്യത്തെ കശക്കിയെറിഞ്ഞ അടിയന്തരാവസ്ഥക്കു ശേഷമുള്ള 1977-ലെ തെരഞ്ഞെടുപ്പില്‍ പോലും മൂന്നക്ക സംഖ്യ തികക്കാന്‍ ഇന്ദിരയുടെ പാര്‍ട്ടിക്ക് സാധിച്ചിരുന്നു.
ഈ യാഥാര്‍ഥ്യങ്ങളെല്ലാം മുന്നില്‍ വച്ചാവണം ബി.ജെ.പി വിരുദ്ധ ബദലിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടു വരേണ്ടത്. പ്രധാനമന്ത്രിയാവാന്‍ താന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി മനസ് തുറന്നുവച്ചത് കൊണ്ടായില്ല. 2004-ലേക്കല്ല, 1996-ലേക്ക് തിരിച്ചുപോവുന്നതിനെക്കുറിച്ചാണ് മതനിരപേക്ഷ കക്ഷികള്‍ ചിന്തിക്കേണ്ടതും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതും. മോദിയേയും കൂട്ടരേയും തറപറ്റിക്കേണ്ടതുണ്ട്. ഒരു മഴവില്‍ സഖ്യത്തിനു മാത്രമേ അത് സാധ്യമാവൂ. സോണിയയും മമതയും മായാവതിയും അഖിലേഷ് യാദവും സീതാറാം യെച്ചൂരിയും തേജസ്വി യാദവും ചന്ദ്രബാബു നായിഡുവും അജിത് സിങും അരവിന്ദ് കെജ്‌രിവാളും എല്ലാം ഒരേ ദിശയില്‍, ഏക ലക്ഷ്യവുമായി ജനാധിപത്യ ഗോദയിലിറങ്ങിയാല്‍ വര്‍ഗീയ ഫാസിസത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കാനായേക്കാം.
രാഷ്ട്രഗാത്രത്തിന്റെ നിഖില കോശങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും ആര്‍.എസ്.എസിന്റെ സ്വാധീനവലയത്തില്‍ പൂര്‍ണമായും നിമഗ്നമായിരിക്കുകയാണിന്ന്. പട്ടാളവും സി.ബി.ഐയും എന്‍.ഐ.എയും ജുഡീഷ്യറിയും രഹസ്യാന്വേഷണ ഏജന്‍സിയും മാധ്യമങ്ങളും, എന്തിന് ഒരുവേള പുരോഗമന-മതനിരപേക്ഷാ ചിന്താധാരയെ പുഷ്ടിപ്പെടുത്തിയ അക്കാദമിക-സാംസ്‌കാരിക സ്ഥാപനങ്ങള്‍ വരെ കാവിവര്‍ഗീയതയില്‍ 'മ്യൂട്ടേഷന്‍' സംഭവിച്ച് അതിമാരകമായ വൈറസുകളെ ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുകയാണിന്ന്. അതുകൊണ്ടുതന്നെ, മോദി-അമിത്ഷാ കൂട്ടുകെട്ട് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ ചെറുത്തുതോല്‍പിക്കുക ക്ഷിപ്രസാധ്യമല്ല. ദേശീയ മുദ്രകളുള്ള പാര്‍ട്ടികളേക്കാള്‍ സംസ്ഥാനങ്ങളിലെ സക്രിയമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കായിരിക്കും സാധിക്കുക. 29 സംസ്ഥാനങ്ങളില്‍ 21ലും തങ്ങളാണ് ഭരിക്കുന്നതെന്ന് ബി.ജെ.പി വീമ്പിളക്കുന്നുണ്ടെങ്കിലും പത്തിടത്ത് മാത്രമേ അവര്‍ക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടുള്ളു. രാജ്യത്തെ 4140 എം.എല്‍.എമാരില്‍ താമരപാര്‍ട്ടിയുടെ വിഹിതം 1516 മാത്രം. ഏതാണ്ട് മൂന്നിലൊന്ന്. സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ഉപ തെരഞ്ഞെടുപ്പിലെ സൂചനകള്‍, മതേതര-പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ തിരിച്ചടിക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ്. വൈവിധ്യങ്ങളേയും വൈജാത്യങ്ങളേയും അംഗീകരിക്കുന്ന നാനാര്‍ഥമാണ് ഇന്ത്യയുടെ ശക്തി. പ്രാദേശിക പാര്‍ട്ടികളുടെ മേധാവിത്തം കീഴ്‌വര ചാര്‍ത്തുന്നത് ആ യാഥാര്‍ഥ്യത്തെ ആയിരിക്കും. അതംഗീകരിക്കാന്‍ കോണ്‍ഗ്രസ് മാനസികമായി സജ്ജമായേ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."