അറബ് സമൂഹം നേരിടുന്ന ഭീഷണി തീവ്രവാദവും ഭീകരവാദവുമെന്ന് സല്‍മാന്‍ രാജാവ്
ജിദ്ദ: വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് അറബ് ലീഗ് ഉടച്ചുവാര്‍ക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. 28 ാമത് അറബ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലീഗ് പരിഷ്‌കരണം അനിവാര്യമാണെന്നും ഇത് എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിന് ശ്രമങ്ങളുണ്ടാകണമെന്നും രാജാവ് ആവശ്യപ്പെട്ടു.
മേഖലയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ അറബ് രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പാടില്ല. അറബ് മേഖലയുടെ കേന്ദ്ര പ്രശ്‌നം ഫലസ്തീനാണെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തണം. കൂട്ടക്കുരുതിക്ക് ഇരയാകുന്ന സിറിയന്‍ ജനത ഇപ്പോഴും പലായനത്തിന് നിര്‍ബന്ധിതരാകുകയാണ്. ഒന്നാമത് ജനീവ പ്രഖ്യാപനത്തിനും യു.എന്‍ രക്ഷാ സമിതി 2254 ാം നമ്പര്‍ പ്രമേയത്തിനും അനുസൃതമായി, സിറിയന്‍ ജനതയുടെ ദുരിതത്തിന് അറുതിയുണ്ടാക്കുകയും സിറിയയുടെ അഖണ്ഡത നിലനിര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ പരിഹാരം ആവശ്യമാണ്. യെമന്റെ അഖണ്ഡത സംരക്ഷിക്കുകയും യെമനില്‍ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുകയും വേണം. യെമനിലെ എല്ലാ പ്രദേശങ്ങളിലും ദുരിതാശ്വാസ വസ്തുക്കള്‍ എത്തുന്നത് എളുപ്പമാക്കണം.
അറബ് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദവും ഭീകരവാദവുമാണ്. ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സര്‍വ ശേഷിയും പ്രയോജനപ്പെടുത്തി ഇതിനെതിരെ പൊരുതണം. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും നല്ല അയല്‍പക്ക ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ജോര്‍ദാനില്‍ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാജാവ് റിയാദില്‍ തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."