കെവിന്റെ കൊലപാതകം രാഷ്ട്രീയക്കാര്‍ക്ക് ബന്ധമില്ലെന്ന് ഐ.ജി
കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി മേഖലാ ഐ.ജി വിജയ് സാക്കറെ അറിയിച്ചു.
കൊലക്കേസിലെ പ്രതികളെ രാഷ്ട്രീയപാര്‍ട്ടികള്‍ സഹായിച്ചെന്ന ആരോപണം ഐ.ജി തള്ളി. കെവിന്റെയും നീനുവിന്റെയും പ്രണയബന്ധത്തില്‍ ബന്ധുക്കള്‍ക്കുണ്ടായ എതിര്‍പ്പാണ് കൊലപാതകത്തിന് കാരണം.
നീനുവിന്റെ മാതാവ് രഹ്‌നക്കും കൊലപാതകത്തില്‍ പങ്കുണ്ട്. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കേസിലെ ഒന്നാംപ്രതി കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനു നിവാസില്‍ സാനു ചാക്കോയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് കൃത്യത്തില്‍ പങ്കെടുത്തതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.
പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍നിന്ന് വടിവാളുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയതിനുശേഷം ഉപദ്രവിക്കുന്നതിനായി പ്രതികള്‍ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. അതിനായി അനീഷിന്റെ മൊഴിയെടുക്കേണ്ടതുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഒരുതവണമാത്രമാണ് അനീഷിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അനീഷിന്റെ മൊഴിയില്‍ വൈരുധ്യമില്ല. കേസുമായി ബന്ധപ്പെട്ട് നിരവധിപേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നീനുവിന്റെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. അതേസമയം, കെവിനെയും തന്നെയും തട്ടിക്കൊണ്ടുപോയത് ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷനാണെന്ന് അക്രമിസംഘം പറഞ്ഞതായി അനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് സാധ്യതകളും വിശദമായി അന്വേഷിക്കുമെന്നും ഐ.ജി വ്യക്തമാക്കി. എന്നാല്‍, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ കെവിനെ ആറ്റില്‍ച്ചാടിക്കുകയായിരുന്നുവെന്നാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."