കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുധീരന്
കാക്കനാട്: ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുണ്ടായ ദയനീയ പരാജയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്.
പരാജയത്തിന് പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണെന്നും പാര്‍ട്ടിയേക്കാള്‍ വലുതാണ് ഗ്രൂപ്പുകളെന്ന നേതാക്കളുടെ നിലപാടില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളി നിര്‍ത്തിയില്ലെങ്കില്‍ കനത്ത വില നല്കേണ്ടിവരുമെന്നു സുധീരന് മുന്നറിയിപ്പ് നല്കി. നേതാക്കളെ നിയന്ത്രിക്കുന്ന ഗ്രൂപ്പ് മാനേജര്‍മാരുടെ ശൈലി മാറ്റണം.
ഗ്രൂപ്പുണ്ടെങ്കിലേ മുന്നോട്ടുപോകാനാകൂയെന്ന കാഴ്ചപ്പാടിലും മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനശൈലിയിലും മാറ്റമുണ്ടാകണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം കൊടുക്കുന്ന രീതിയില്‍ മാറ്റംവരുത്തണം. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ല. അര്‍ഹതയുള്ള പ്രവര്‍ത്തകരെ അംഗീകരിക്കണം.
കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യവും ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായിട്ടുണ്ട്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമരാഷ്ട്രീയത്തിനെതിരേ ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ കാണുന്നത്.
ജനാധിപത്യ, മതേതരശക്തികളുടെ മുന്നേറ്റത്തിന് ശക്തിപകരുന്നതായിരിക്കണം വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ദൗത്യനിര്‍വഹണത്തിന് കോണ്‍ഗ്രസിന് സുപ്രധാന റോള്‍ നിര്‍വഹിക്കാനുണ്ട്. ചെങ്ങന്നൂരിലെ തോല്‍വി എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."