HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം: പുതിയ ധാരണാപത്രം ഒപ്പിടും
backup
March 30 2020 | 03:03 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, മാര്‍ച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് 70 കോടി രൂപ ബജറ്റ് വിഹിതത്തില്‍ നിന്നും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുക അനുവദിച്ച് ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. എം പാനല്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം കണക്കാക്കാതെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്കു മാത്രമേ ശമ്പളം വിതരണം നടക്കൂ. അതുകൊണ്ടു തന്നെ രണ്ടാം തിയതിയോടെ മാത്രമേ ശമ്പളം ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിവരം.
ഈ മാര്‍ച്ച് മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ മാസം വരെ കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ നല്‍കുന്നതിനാണ് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും കെ.എസ്.ആര്‍.ടി.സി എം.ഡിയും ധാരണാപത്രം ഒപ്പിടുക. 10 ശതമാനം പലിശയോടെ കോര്‍പ്പറേഷന്‍ ഈ പണം സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചു കൊടുക്കും. കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി മോശമായാല്‍ സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കുമെന്ന ഗ്യാരന്റിയിലാണ് ഈ ധാരണ. കരാര്‍ ഒപ്പിടുന്നതിന് സംസ്ഥാന സഹകരണ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും നിര്‍ദേശമുണ്ട്.
മാര്‍ച്ച് മാസത്തില്‍ ഏറ്റവും കുറഞ്ഞ കളക്ഷനായിരുന്നു കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചതും യാത്രക്കാര്‍ കുറഞ്ഞതിനും പുറമേ സര്‍വിസുകളെല്ലാം നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്വന്തം പണമെടുത്ത് ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. എല്ലാ മാസവും ശമ്പളത്തിനായി 20 കോടി രൂപ വീതം സര്‍ക്കാര്‍ നല്‍കുമായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ശമ്പളത്തിനായി ആകെ വേണ്ടി വരുന്ന 70 കോടി മുഴുവനായും ലഭിക്കണമെന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."