മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തല്‍
തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കെവിനെ കണ്ടെത്തുന്ന കാര്യത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തിലും എസ്.പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായാണ് കണ്ടെത്തല്‍. കെവിനെ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ ദിവസം മെഡിക്കല്‍ കോളജിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു.
ഉടന്‍ തന്നെ എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചുവരുത്തി കെവിനെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവത്തില്‍ കോട്ടയം ഡിവൈ.എസ്.പി അന്വേഷണം നടത്തുന്നുണ്ടെന്നാണ് എസ്.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. കെവിന്‍ അടക്കം രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ വിവരമോ നീതിതേടി കെവിന്റെ ഭാര്യ പുലര്‍ച്ചെ മുതല്‍ പൊലിസ് സ്റ്റേഷനില്‍ തുടരുന്നതോ അപ്പോള്‍ അറിയിച്ചിരുന്നില്ല. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മാത്രമാണ് അന്വേഷണച്ചുമതല ഡിവൈ.എസ്.പിയെ ഏല്‍പ്പിച്ചത്. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ചിട്ടും അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ എസ്.പിയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.
ഗാന്ധിനഗര്‍ എസ്.ഐ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതും എസ്.പിയാണെന്നാണ് സൂചന. ഈ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സംഘത്തില്‍ എസ്.ഐ ഷിബുവും ഉണ്ടായിരുന്നുവെന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇക്കാര്യം മുഖ്യമന്ത്രിക്ക് തിരുത്തേണ്ടിയുംവന്നു. നീനുവിന്റെ അമ്മയുടെ അടുത്ത ബന്ധുവാണ് എസ്.പി മുഹമ്മദ് റഫീഖ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നതായി മുഹമ്മദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ചോദിക്കുന്നതിന് തൊട്ടുമുന്‍പാണ് കെവിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞത്. സ്‌പെഷല്‍ ബ്രാഞ്ച് പൊലിസുകാരടക്കം ഇക്കാര്യം മറച്ചുവച്ചെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. തനിക്കോ തന്റെ കുടുംബത്തിനോ പ്രതികളുമായി യാതൊരു ബന്ധവുമില്ല. താനൊരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."