HOME
DETAILS
MAL
പായിപ്പാട്ടെ ലോക്ക് ഡൗണ്‍ ലംഘനം പൊലിസ് അന്വേഷിക്കും
backup
March 30 2020 | 04:03 AM
കോട്ടയം: പായിപ്പാട്ട് പ്രതിഷേധം നടത്തിയ അതിഥി തൊഴിലാളികളെ നിലവിലെ സാഹചര്യത്തില്‍ നാട്ടിലെത്തിക്കാനാവില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പ്രതിഷേധം ആസൂത്രിതമാണെന്ന സൂചന ലഭിച്ചതോടെ സംഭവം അന്വേഷിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കൊവിഡ് വ്യാപനം തടയുന്നതിന് സമൂഹ സമ്പര്‍ക്കം ഒഴിവാക്കുകയും നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരുകയും വേണമെന്ന നിര്‍ദേശം തൊഴിലാളികള്‍ ലംഘിച്ചതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് മനസിലാക്കുന്നു. ഇതേക്കുറിച്ച് പൊലിസ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് പായിപ്പാട്ടെ തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതമായ താമസവും ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നെങ്കിലും കരുതല്‍ ശേഖരമായി 1000 കിലോ അരിയും 300 കിലോ പയറും എത്തിച്ചിരുന്നു. ജില്ലാ ലേബര്‍ ഓഫിസറും തഹസില്‍ദാറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഇവര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നതായും മന്ത്രി പറഞ്ഞു.
ഈ ഘട്ടത്തിലൊന്നും ഭക്ഷണ ദൗര്‍ലഭ്യത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നില്ല. പ്രതിഷേധം നടത്തിയ തൊഴിലാളികളോട് ജില്ലാ കലക്ടറും ജില്ലാ പൊലിസ് മേധാവിയും നേരിട്ട് സംസാരിച്ചപ്പോഴും നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. സുരക്ഷിതരായി ഇവിടെ തുടരുന്നതിന് സാധ്യമായതെല്ലാം ചെയ്തു നല്‍കാമെന്ന് തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.
പാകം ചെയ്ത ഭക്ഷണത്തേക്കാള്‍ സ്വന്തം ഭക്ഷണം തയാറാക്കുന്നതിനുള്ള സാധനങ്ങളാണ് തൊഴിലാളികള്‍ക്കു വേണ്ടത്. മേഖലയിലെ എല്ലാ തൊഴിലാളികളെയും നേരില്‍ കാണുന്നതിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍കൂടി പരിഗണിച്ച് തൊഴിലാളികള്‍ക്കു വേണ്ട അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് നാലിന് നാലു കോടിയില്‍ നടക്കും. പായിപ്പാട്ട് സന്ദര്‍ശനം നടത്തിയ മന്ത്രി ചങ്ങനാശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബു, പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ്, കോട്ടയം ജില്ലാ പൊലിസ് മേധാവി ജി. ജയദേവ്, പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ഡി.സി.സി പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജോഷി ഫിലിപ്പ്, റീജനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഡി. സുരേഷ്‌കുമാര്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍ ജിനു പുന്നൂസ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."