പിടികൂടിയ വാഹനങ്ങള്‍ പിഴയടച്ചില്ലെങ്കില്‍ ലേലം ചെയ്യാനുള്ള അധികാരം ജില്ലാ പൊലിസ് മേധാവിക്ക്
കൊച്ചി: മണല്‍ കടത്തിന് പൊലിസ് പിടികൂടിയ വാഹനങ്ങള്‍ നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കില്‍ ലേലം ചെയ്യാനുള്ള ജില്ലാ കലക്ടറുടെ അധികാരം ജില്ലാ പൊലിസ് മേധാവിക്ക് കൈമാറുന്നതടക്കമുള്ള വ്യവസ്ഥകളുള്‍പ്പെടുത്തി സംസ്ഥാനത്ത് പുതിയ നിയമം വരുന്നു. പൊലിസും മറ്റ് ഏജന്‍സികളും പിടികൂടുന്ന വാഹനങ്ങള്‍ പാതയോരങ്ങളില്‍ കൂട്ടിയിടുന്നത് ഒഴിവാക്കുന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതിന്റെ കരട് രേഖ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പിടികൂടിയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ പൊലിസ് മേധാവിയെ അധികാരപ്പെടുത്തിയാണ് കരട് ഉത്തരവ് തയാറാക്കിയിട്ടുള്ളത്. ലേലത്തിനായി വാഹനങ്ങളുടെ വില നിശ്ചയിക്കാന്‍ ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെട്ട നാലംഗ സമിതിക്ക് രൂപം നല്‍കും. 30 ദിവസത്തിനകം വില നിര്‍ണയ സമിതി റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് നിയമപരമായി ലേലം നടത്താമെന്നും കരട് ഉത്തരവില്‍ പറയുന്നു. വിവിധ കാരണങ്ങളാല്‍ പിടികൂടിയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പാതയോരങ്ങളില്‍ അപകടത്തിന് ഇടയാക്കുന്ന തരത്തില്‍ ഉപേക്ഷിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി രാജേഷ് നായര്‍, ഡോ. കെ.എ സീതി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ കരട് രേഖ സമര്‍പ്പിച്ചത്. ഇതിന്മേല്‍ ഹരജിക്കാര്‍, മറ്റു കക്ഷികള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
തൊണ്ടി വാഹനങ്ങള്‍ കോടതിയുടെ അനുമതിയോടെ ഒഴിവാക്കണം. നിര്‍ണായക തെളിവല്ലെങ്കില്‍ അന്വേഷണത്തിന്റെ പേരില്‍ പിടിച്ചിടരുത്. അപകടത്തില്‍പെട്ട വാഹനങ്ങള്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച ശേഷം വിചാരണയ്ക്ക് ഹാജരാക്കണമെന്ന വ്യവസ്ഥയോടെ വിട്ടുകൊടുക്കാം.
ഉപയോഗിക്കാനാവാതെ തകര്‍ന്നവ ആക്രിയായി കണക്കാക്കി ഉടമക്ക് നല്‍കാം. ഉടമ സ്വീകരിക്കുന്നില്ലെങ്കില്‍ എസ്.എച്ച്.ഒയ്ക്ക് ലേലം ചെയ്യാം. മണല്‍ കടത്തിയ വാഹനങ്ങള്‍ പിഴയടച്ചില്ലെങ്കില്‍ ലേലം ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."