HOME
DETAILS
MAL
അതിഥി തൊഴിലാളികളെ തെരുവിലിറക്കിയത് ആസൂത്രിതം
backup
March 30 2020 | 04:03 AM
കോട്ടയം: ലോക്ക് ഡൗണ്‍ ലംഘിച്ച് പായിപ്പാട്ട് അതിഥി തൊഴിലാളികളെ തെരുവിലിറക്കിയത് ആസൂത്രിതം. ചില കരാറുകാരും കെട്ടിട ഉടമകളും ജനപ്രതിനിധിയും ഉള്‍പ്പെട്ട സംഘമാണ് ആസൂത്രണത്തിനു പിന്നിലെന്നാണ് ആരോപണം.
തൊഴിലാളികള്‍ തെരുവിലിറങ്ങിയതിനു പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടായതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നു. പായിപ്പാട്ടെ മാത്രമല്ല പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട സമീപപ്രദേശങ്ങളിലെയും അതിഥി തൊഴിലാളികളും പ്രതിഷേധ സ്ഥലത്തേക്ക് വേഗം എത്തിയതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയമുയര്‍ന്നിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നാട്ടിലേക്കു വിടുമെന്ന അറിയിപ്പോടെ പായിപ്പാട്ടും സമീപപ്രദേശങ്ങളിലും അതിഥി തൊഴിലാളികള്‍ക്കിടയില്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കൂട്ടപ്പാലായന ദൃശ്യങ്ങളും ഇതിനായി കരുവാക്കി.
താമസസ്ഥലത്തിരുന്നാല്‍ നാട്ടിലേക്കു മടങ്ങാനാവില്ലെന്നും പുറത്തിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്യുന്ന രീതിയിലാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ചില കരാറുകാരും കെട്ടിട ഉടമകളുമായിരുന്നു ഇതിനു പിന്നില്‍. കരാറുകാരും കെട്ടിട ഉടമകളും തങ്ങളുടെ കീഴിലുള്ള അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണം നല്‍കണമെന്നും വാടക ഒഴിവാക്കണമെന്നും അധികൃതര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിനോട് ഒരു വിഭാഗം കരാറുകാര്‍ക്കും കെട്ടിട ഉടമകള്‍ക്കും യോജിപ്പുണ്ടായിരുന്നില്ല.
പായിപ്പാട് പഞ്ചായത്തില്‍ 280 വീടുകളിലായി 3,500 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കരാറുകാരുടെയും കെട്ടിട ഉടമകളുടെയും നിയന്ത്രണത്തില്‍ 100 മുതല്‍ 400 തൊഴിലാളികള്‍ വരെയുണ്ട്. ഇത്രയും പേര്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്നതിനാലാണ് ഇവരെ ഒഴിവാക്കാനുള്ള നീക്കം നടത്തിയത്. ഇതിനു പുറമെ ശമ്പളം കൂടി നല്‍കേണ്ടി വരുമോയെന്ന ഭയവും തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിനു പിന്നിലുണ്ടായി.
ശനിയാഴ്ച വൈകീട്ടും ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥരോട് അതിഥി തൊഴിലാളികള്‍ പരാതിയൊന്നും പറഞ്ഞിരുന്നില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതായതും നാട്ടിലേക്കു പണമയയ്ക്കാന്‍ കഴിയാതെ വന്നതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു.
എങ്ങനെയും സ്വദേശത്തേക്കു മടങ്ങാനാഗ്രഹിച്ചിരുന്ന തൊഴിലാളികളുടെ മാനസികാവസ്ഥയെ ചിലര്‍ മുതലെടുക്കുകയായിരുന്നു. പതിനായിരത്തിലേറെ തൊഴിലാളികളാണ് പായിപ്പാട്ടും പരിസര പ്രദേശങ്ങളിലുമായി ഉണ്ടായിരുന്നത്. ലോക്ക് ഡൗണിനു മുമ്പ് കുറേപ്പേര്‍ സ്വദേശത്തേക്കു മടങ്ങിയിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റെടുത്ത നൂറുകണക്കിനു തൊഴിലാളികള്‍ക്കു ട്രെയിനുകള്‍ റദ്ദാക്കിയതോടെയാണ് യാത്ര ഉപേക്ഷിക്കേണ്ടി വന്നത്.
നിലവില്‍ 3,500 തൊഴിലാളികളാണ് പായിപ്പാട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അനധികൃതമായി താമസിക്കുന്നവരടക്കം ഇതിലേറെ പേരുണ്ട്. കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കരാറുകാരും കെട്ടിട ഉടമകളും തയാറാകാത്തതാണ് കാരണം. തൊഴിലാളികളെ തെരുവിലിറക്കിയവരെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."