തൊഴിലാളികള്‍ക്ക് അടിയന്തിര സഹായവുമായി വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ അടിയന്തി ര ധനസഹായം പ്രഖ്യാപിച്ചു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ടേബിള്‍ ഒന്ന് വിഭാഗത്തില്‍പ്പെട്ട സ്‌റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് കാര്യേജ് ബസ് തൊഴിലാളികള്‍ക്ക് 5,000 രൂപ വീതവും ടേബിള്‍ രണ്ട് വിഭാഗത്തില്‍പ്പെട്ട ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3,500 രൂപ വീതവും ടേബിള്‍ മൂന്ന് വിഭാഗത്തില്‍പ്പെട്ട ടാക്‌സി കാര്‍, ഓമ്‌നി വാന്‍ തൊഴിലാളികള്‍ക്ക് 2,500 രൂപ വീതവും ടേബിള്‍ നാല് വിഭാഗത്തില്‍പ്പെട്ട ഓട്ടോ, ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2,000 രൂപ വീതവും തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയായി നല്‍കും. 9,60,000 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. പെന്‍ഷനായ അംഗങ്ങള്‍ക്ക് ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ വേഗത്തില്‍ നല്‍കാനും തീരുമാനിച്ചു.
ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 1,000 രൂപ വീതം തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയായി അനുവദിക്കും. വായ്പ ആവശ്യമുള്ളവര്‍ തിരിച്ചറിയല്‍കാര്‍ഡ്, അവസാനം അംശാദായം അടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഓഫിസുകളിലേക്ക് ഇ-മെയില്‍ മുഖേന അയയ്ക്കണം.
കൊവിഡ് 19 ബാധിലതരും ഐസൊലേഷനിലുള്ളവരുമായ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ പന്ത്രണ്ട് മാസത്തില്‍ കൂടുതല്‍ അംശംദായ കുടിശിക ഇല്ലാത്ത അംഗങ്ങള്‍ക്കും അടിയന്തര ധനസഹായം നല്‍കും. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷക്കൊപ്പം ഐസൊലേഷനില്‍ കഴിയുന്നയാള്‍ എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, അംഗത്തിന്റെ ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അംഗം താമസിക്കുന്ന സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകന്റെ മൊബൈല്‍ നമ്പര്‍, അംഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയാണ് അപേക്ഷ നല്‍കേണ്ടത്.കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായി ഒരുവര്‍ഷത്തെ സര്‍വിസ് പൂര്‍ത്തീകരിച്ചവരുടെ ആശ്രിതര്‍ക്ക് ആര്‍ക്കെങ്കിലും കൊവിഡ് 19 ബാധിച്ചിട്ടുണ്ടെങ്കില്‍ ഒരു കുടുംബത്തിന് രണ്ടായിരം രൂപ വീതം ബോര്‍ഡ് നല്‍കും. നിലവില്‍ പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ അടിയന്തരമായി വിതരണം ചെയ്യും. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും മസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതുമായ പെന്‍ഷന്‍കാര്‍ക്ക് 1,200 രൂപ പ്രത്യേക ധനസഹായമായി വിതരണംചെയ്യാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."