ഹീമോഫീലിയ രോഗികളെ മറക്കരുതേ...
തൃശൂര്‍: സംസ്ഥാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് കേരളത്തിലെ ഹീമോഫീലിയ രോഗികള്‍.ഒന്‍പത് വര്‍ഷമായി കാരുണ്യ ഫാര്‍മസി വഴിയാണ് രണ്ടായിരത്തോളം വരുന്ന രജിസ്റ്റര്‍ ചെയ്ത ഹീമോഫീലിയ രോഗികള്‍ക്ക് സംസ്ഥാനത്ത് മരുന്ന് വിതരണം ചെയ്യുന്നത്.
സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് മരുന്നുകളുടെ ബില്‍ വലിയ രീതിയില്‍ കുടിശ്ശികയായതോടെ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ മരുന്ന് വിതരണം പ്രതിസന്ധിയിലായതാണ്. എന്നാല്‍ ഹീമോഫീലിയ രോഗികളുടെ അവസ്ഥയറിഞ്ഞ് മാര്‍ച്ച് 31 നുള്ളില്‍ ബദല്‍ സംവിധാനം ഉണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനം മുഴുവന്‍ കൊവിഡ് പ്രതിരോധത്തിലായതോടെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിലച്ച അവസ്ഥയാണ്.വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹീമോഫീലിയ സൊസൈറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. മരുന്ന് സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ പോലും കാരുണ്യ ഫാര്‍മസികളില്‍ നേരിട്ട് പോയി വാങ്ങാന്‍ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. ജില്ലാ കേന്ദ്രങ്ങളിലും ചുരുക്കം ചില ഇടങ്ങളിലും മാത്രമാണ് നിലവില്‍ മരുന്ന് ലഭ്യമായിരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹീമോഫീലിയ രോഗികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. എന്നാല്‍ ഔദ്യോഗിക സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പുറമേ നിരവധി ഹീമോഫീലിയ ബാധിതര്‍ സംസ്ഥാനത്തുണ്ട്. സാമൂഹികമായ ഒറ്റപ്പെടല്‍ ഒഴിവാക്കാനായി അതിര്‍ത്തി ജില്ലകളിലെ പലരും മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയതവരാണ്. തിരുവനന്തപുരത്തുള്ളവര്‍ നാഗര്‍കോവിലിലും പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ കോയമ്പത്തൂരിലും ഇപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രോഗബാധിതന്റെ സഹോദരിയും മാതൃസഹോദരിമാരും രോഗവാഹകരാകാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളാണ് രോഗം മറച്ചുവെക്കാന്‍ കാരണമാകുന്നത്.
സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്നവര്‍ സ്വകാര്യ മേഖലയെ ആശ്രയിച്ച് ചികിത്സ തേടുമെങ്കിലും ഉയര്‍ന്ന വിലനല്‍കി മരുന്ന് വാങ്ങുന്നത് സാധാരണക്കാരുടെ നടുവൊടിക്കും.സ്ഥിരമായി കഴിക്കുന്ന മരുന്ന് മുടങ്ങിയാല്‍ അത് വലിയ പ്രത്യാഘാതമാണ് ഹീമോഫീലിയ രോഗികളില്‍ ഉണ്ടാക്കുക. ചലനശേഷി നഷ്ടപ്പെടാനും അംഗവൈകല്യം സംഭവിക്കാനും ഇത് കാരണമാകും. പ്രതിസന്ധികളോട് മല്ലിട്ട് ജീവിക്കുന്ന ഇവരുടെ ജീവിതം ഇതോടെ ദുരിതപൂര്‍ണമാകും. സര്‍ക്കാറിന്റെ കൈവശം രണ്ടായിരത്തോളം വരുന്ന രോഗികളുടെ വ്യക്തമായ വിവരങ്ങള്‍ ഉണ്ടെന്നിരിക്കെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി അടിയന്തരമായി മരുന്നുകള്‍ ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."