മലപ്പുറത്തും കോഴിക്കോട്ടും സ്‌കൂളുകള്‍ തുറക്കുന്നത് നീളും
മലപ്പുറം: നിപാ ഭീതിയെതുടര്‍ന്ന് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഒരാഴ്ച കൂടിയെങ്കിലും നീളും. മറ്റുജില്ലകളില്‍ സ്‌കൂളുകള്‍ ഇന്നലെ തുറന്നെങ്കിലും കോഴിക്കോട്ടും മലപ്പുറത്തും യഥാക്രമം അഞ്ച്, ആറ് തിയതികളില്‍ തുറക്കാനായിരുന്നു നിലവിലെ തീരുമാനം. എന്നാല്‍ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്ന് പേര്‍കൂടി മരിക്കുകയും ഇരുജില്ലകളിലുമായി 1500 ഓളം പേര്‍ നിരീക്ഷണത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടാന്‍ ആലോചിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടാന്‍ ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു.
വയനാട് ജില്ലയിലും ഇന്നലെ ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ അവിടെയും ആറാം തിയതിമാത്രമെ ഇനി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. വയനാട്ടില്‍ ഇന്നലെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ഉള്‍പ്പെടെ നടന്നിരുന്നു. അതിന് ശേഷമാണ് അടച്ചിടാനുള്ള തീരുമാനം ജില്ലാ ഭരണകൂടം എടുത്തത്. ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അഞ്ചാം തിയതി വരെ ദുരന്ത നിവാരണ നിയമ പ്രകാരം അടച്ചിടാനാണ്ണ് വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
അതിനിടെ മലപ്പുറത്ത് രോഗബാധിത മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കുന്നതിന് മുന്‍പ് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍ നിര്‍ദേശിച്ചു. നിപാ ബാധയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അവലോക യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും വൈറസ് ബാധിത മേഖലയിലെ മരണ സംഖ്യ വര്‍ധിക്കുന്നത് ആശങ്കയക്ക് ഇടയാക്കുന്നുണ്ട്. നേരത്തെ നിപാ ബാധിച്ച് മരിച്ചവര്‍ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചങ്ങരോത്തെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരായിരുന്നു. കുടുംബത്തിലുള്ളവര്‍ ചികില്‍സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിങ്ങളില്‍ ഇവരോട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ് അധികവും.
എന്നാല്‍ ഒടുവില്‍ നിപാ ബാധ മൂലം മരിച്ച ബാലുശ്ശേരി കോട്ടൂര്‍ പുന്നത്ത് സ്വദേശി റസിന്‍ ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ്. റസിന് വൈറസ് ബാധയേറ്റത് ബാലുശ്ശേരി താലൂക്ക് ആശുപത്രില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന് ആരോഗ്യവകുപ്പ് സൂചന നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."