എ.പി ഉസ്മാന്റെ ഫലം നെഗറ്റീവ്; സുഹൃത്തിന് രോഗം സ്ഥിരീകരിച്ചു
തൊടുപുഴ: കൊവിഡ് 19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാന്റെ സുഹൃത്തും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഫലം വൈകിയെത്തിയതിനാല്‍ ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. ചെറുതോണിയിലെ ഐ.എന്‍.ടി.യു.സി ഓഫിസിന് സമീപം തയ്യല്‍ കട നടത്തുന്നയാള്‍ക്കാണ് ഇന്നലെ വൈകിട്ട് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് 26 നാണ് സ്രവം ശേഖരിച്ചത്. ഭാര്യയും രണ്ട് മക്കളും നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
അതേസമയം 26 ന് രോഗം സ്ഥിരീകരിച്ച പൊതുപ്രവര്ത്തകന് എ.പി ഉസ്മാന്റെ ഇന്നലെ വന്ന ഫലം നെഗറ്റീവായി. 23 നാണ് ഇദ്ദേഹത്തിന്റെ ആദ്യ സ്രവ സാംപിളെടുത്തത്. ഇതിന്റെ ഫലം 26 ന് വന്നപ്പോള്‍ ആണ് പോസിറ്റീവായിരുന്നത്. പിന്നാലെ ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്ന് തന്നെ എടുത്ത സ്രവത്തിന്റെ ഫലമാണ് ഇന്നലെ ലഭിച്ചത്. ഇദ്ദേഹം എവിടെ നിന്നാണ് രോഗബാധിതനായത് എന്നതടക്കം ഇനിയും കണ്ടെത്താനായിട്ടില്ല. അടുത്ത ഒരു ഫലം കൂടി നെഗറ്റീവായാല്‍ എ.പി ഉസ്മാന് വീട്ടിലേക്ക് മടങ്ങാനാകും. പിന്നീട് വീട്ടില്‍ 28 ദിവസം നിരീക്ഷണത്തില്‍ തുടരണം. ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധന ഫലം നെഗറ്റീവാണ്. പൊതുപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് 30 ല്‍ അധികം പേരുടെ സാംപിളാണ് ശേഖരിച്ചത്. അതേസമയം ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് അധികൃതര്‍ തയാറാക്കി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."