കൂടിയാലോചനയുടെ ബദ്ര്‍ പാഠം
പ്രവാചകന്‍ (സ) പങ്കെടുത്ത പ്രഥമ പ്രതിരോധ സമരമായിരുന്നു ബദ്ര്‍ യുദ്ധം. ഹിജ്‌റ വര്‍ഷം രണ്ട് റമദാന്‍ മാസം പതിനേഴിനായിരുന്നു സംഭവം. മക്കക്കും മദീനക്കുമിടയില്‍ ഖുറൈശികള്‍ തുടങ്ങിവയ്ക്കുന്ന യുദ്ധങ്ങള്‍ പതിവാണ്. യുദ്ധ നിയമം അനുസരിച്ച് യുദ്ധവേളയില്‍ ശത്രുവിന്റെ ധനം കരസ്ഥമാക്കാമെന്നാണ്. എന്നാല്‍ വിശ്വാസികളുടെ മക്കയിലുള്ള സര്‍വ സ്വത്തും സമ്പത്തും അപഹരിച്ച് അവരെ പുറത്താക്കിയ ശത്രുക്കള്‍ തന്നെ യുദ്ധം തുടങ്ങിയെങ്കില്‍ അവരുടെ ധനം കരസ്ഥമാക്കുന്നത് ഒരിക്കലും യുദ്ധനീതിക്ക് എതിരല്ല. അല്ലാഹു പറയുന്നു: 'തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട മുഹാജിറുകളായ ദരിദ്രര്‍ക്കുള്ളതാണ് (ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും സംതൃപ്തിയും നേടുന്നവരും അല്ലാഹുവിനെയും അവന്റെ ദൂതനെയും സഹായിക്കുന്നവരും ആണ്. അവര്‍ തന്നെയാണ് സത്യവാന്‍മാര്‍ ' (സൂറത്തുല്‍ ഹശ്ര്‍ 8). അതുകൊണ്ട് തിരിച്ച് വാങ്ങാനുള്ള അവകാശത്തിന് പുറമേ സമ്പത്ത് അപഹരിച്ചവര്‍ക്കെതിരേ പോരാടുക എന്ന യുദ്ധ കാരണം കൂടിയുണ്ടായിരുന്നു ബദ്‌റിന് പിന്നില്‍. ജീവനും സ്വത്തും അപഹരിക്കുന്നവരോടു പോരാടല്‍ അനിവാര്യമാണെന്നതും അതിക്രമങ്ങളെ എല്ലാ രീതിയിലും പ്രതിരോധിക്കണമെന്നതും ബദ്ര്‍ നല്‍കുന്ന സന്ദേശങ്ങളാണ്.
കൂടിയാലോചനയാണ് ബദ്‌റില്‍ പ്രകടമാകുന്ന മറ്റൊരു പ്രധാന തത്വം. അത് ഇന്നത്തെ യുദ്ധങ്ങളുടെ നിയമങ്ങളിലില്ല. എന്നാല്‍ പ്രവാചകന്‍ (സ) എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് യുദ്ധവുമായി ബദ്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ അനുചരന്‍മാരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും അവ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു പറയുന്നു: 'അവര്‍ക്ക് മാപ്പ് ചെയ്ത് കൊടുക്കുകയും പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും കാര്യങ്ങള്‍ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്യുക, അങ്ങനെ തീരുമാനമെടുത്തു കഴിഞ്ഞാല്‍ എല്ലാം അല്ലാഹുവിലേക്ക് അര്‍പ്പിക്കുക, നിശ്ചയും അല്ലാഹു തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ സ്‌നേഹിക്കുന്നവനാകുന്നു'(ആലു ഇംറാന്‍ 135).
ഖുറൈശികള്‍ മദീനയുടെ സമീപത്ത് എത്തിയ വിവരം പ്രവാചകനു ലഭിച്ചു. അവിടുന്ന് അനുചരന്‍മാരെ വിളിച്ചുകൂട്ടുകയും ഖുറൈശികളുമായി ഒരു യുദ്ധത്തിന് വേണ്ടി തയാറാവുന്നത് സംബന്ധിച്ച് അവരോട് ചര്‍ച്ച ചെയ്യുകയും ചെയ്തു. മുഹാജിറുകള്‍ പരിപൂര്‍ണ പിന്തുണ നല്‍കി, അവരില്‍നിന്ന് മിഖ്ദാദുബിനു അംറ് സംസാരിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, അങ്ങയോട് റബ്ബ് ആജ്ഞാപിച്ചത് ചെയ്യുക, ഞങ്ങള്‍ അങ്ങയുടെ കൂടെയുണ്ടാകും' പ്രവാചകന്‍ അന്‍സാരികളോട് അഭിപ്രായമാരാഞ്ഞപ്പോള്‍ സഅദ് (റ) പറഞ്ഞു, 'അല്ലാഹുവിന്റെ ദൂതരെ, ഞങ്ങള്‍ അങ്ങയെയും അങ്ങ് കൊണ്ടുവന്നതിനെയും സത്യമെന്ന് വിശ്വസിക്കുന്നവരാണ്, അങ്ങ് പോകാന്‍ ഉദ്ദേശിച്ചിടത്ത് പോകുക, ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്, അങ്ങ് നദിയില്‍ ചാടാന്‍ പറഞ്ഞാലും ശങ്കലേശമന്യേ ഞങ്ങളതിന് തയാറാണ്' സഅദിന്റെ പ്രതികരണം കേട്ട് പ്രവാചകന് സന്തോഷമായി.
അഭിപ്രായം ആരായല്‍ ഒരു പ്രധാന കാര്യമാണ്. വേണമെങ്കില്‍ പ്രവാചകന് ആരോടും അഭിപ്രായം ചോദിക്കാതെ യുദ്ധത്തിന് പുറപ്പെടാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തില്ല. കാരണം, കൂടിയാലോചനയും അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കലും ഒരു ധാര്‍മിക സ്വഭാവമാണ്. മാത്രവുമല്ല, തീരുമാനം അവരുടേത് തന്നെയാകുമ്പോള്‍ സംതൃപ്തരായി അവര്‍ യുദ്ധത്തില്‍ പങ്കെടുക്കുമല്ലോ. അനുയായികളൊട് കൂടിയാലോചിച്ചാണ് യുദ്ധത്തിന് താവളമടിക്കേണ്ട സ്ഥലം തീരുമാനിച്ചതും.ഹുബാബ്ബ് ബിനു മുന്‍ദിര്‍(റ)ന്റെ അഭിപ്രായ പ്രകാരം മരുഭൂമിയിലെ ജലസ്രോതസ് മുസ്‌ലിംകള്‍ ആദ്യമേ അധീനപ്പെടുത്തി. നാം എത്ര തയാറാണെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കലും അവനോട് പ്രാര്‍ഥിക്കലുമാണ് വിജയ നിദാനമെന്നതാണ് ബദ്ര്‍ നല്‍കുന്ന ഒരു പ്രധാന സന്ദേശം. അതു കൊണ്ടാണ് പ്രവാചകര്‍ ഇരുകരങ്ങളും വാനിലേക്കുയര്‍ത്തി പ്രാര്‍ഥിച്ചത്: 'നാഥാ ഇത് നിന്റെ സൈന്യമാണ്, ഇന്നിവര്‍ പരാജയപ്പെട്ടാല്‍ മേലില്‍ നീ ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല. അതിനാല്‍ ഞങ്ങളെ നീ സഹായിക്കേണമേ '
തടവുകാരോടുള്ള സമീപന രീതിയിലും ബദ്ര്‍ കൃത്യമായ നയം മുന്നോട്ടുവയ്ക്കുന്നു. തടവുകാരോട് മാന്യമായി പെരുമാറാനും, അവര്‍ക്ക് നന്മ ചെയ്യാനും പ്രവാചകന്‍ അനുചരന്‍മാര്‍ക്ക് കല്‍പ്പന നല്‍കിയിരുന്നു.
(ലേഖകന്‍ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ
പ്രസിഡന്റാണ്)
മൊഴിമാറ്റം: അബ്ദുല്‍ വഹാബ് വാഫി പുത്തനഴി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."