പെണ്‍ കരുത്തില്‍ കിണര്‍ നിര്‍മാണം പൂര്‍ത്തിയായി
പുതുക്കാട്: പെണ്ണൊരുമ്പെട്ടാല്‍ കിണറും കുഴിക്കും. പറപ്പൂക്കര പഞ്ചായത്തിലാണ് പെണ്‍ കരുത്തില്‍ കിണര്‍ നിര്‍മാണം പൂര്‍ത്തിയായത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള കിണര്‍ നിര്‍മാണ പദ്ധതി പ്രകാരം പറപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ട മുളങ്ങിലുള്ള കുന്നത്ത് ബാബുവിന്റെ വീട്ടിലെ കിണറാണ് രണ്ട് കുടുംബശ്രീ യൂണിറ്റുകളില്‍ പെട്ട നാല് വനിതകള്‍ ചേര്‍ന്ന് കുഴിച്ചത്. ഗൃഹനാഥന്‍ കുന്നത്ത് ബാബുവിന്റെ സഹായവും നിര്‍ദേശങ്ങളും കൂടി ആയപ്പോള്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ കിണര്‍ തെയ്യാര്‍.
ഒന്നാം വാര്‍ഡിലെ നവോദയ കുടുംബശ്രീ യൂനിറ്റിലെ കോമള കാര്‍ത്തികേയന്‍, സംഘമിത്ര കുടുംബശ്രീ യൂണിറ്റിലെ ശാലിനി അനിലന്‍, രജിത സന്തോഷ്, അനിത ബാബു എന്നിവരാണ് തികച്ചും അപരിചിതമായ പ്രവര്‍ത്തി മേഖലയില്‍ ഇടപെട്ട് വെന്നിക്കൊടി പാറിച്ചത്. സഹായിക്കാന്‍ തങ്ങളുടെ തന്നെ കൂട്ടത്തില്‍ പെട്ട അനിതയുടെ ഭര്‍ത്താവ് ബാബു ഉണ്ടായതിനാല്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്ന് കോമള പറഞ്ഞു. ആകെ 32,000 രൂപയാണ് കിണര്‍ നിര്‍മാണത്തിന് പഞ്ചായത്ത് വകയിരുത്തിയിരുന്നത്. 44 തൊഴില്‍ ദിനങ്ങളും. ബുധനാഴ്ച വൈകീട്ട് പണി തീര്‍ന്നപ്പോള്‍ 38 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. 6 കോല്‍ ആഴത്തില്‍ കിണര്‍ കുഴിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം വ്യാഴാഴ്ച്ച വെള്ളം കാണുമെന്നു കിണര്‍ നിര്‍മിക്കുന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. വ്യാഴാഴ്ച 12 മണിയോടെ ഏതാണ്ട് 7 കോല്‍ ആഴത്തിലെത്തിയപ്പോഴേക്കും കിണറില്‍ വെള്ളം കണ്ടുകഴിഞ്ഞു. അതോടെ പറപ്പൂക്കര പഞ്ചായത്തിലെ തൊഴിലാളികളായ വനിതകള്‍ തങ്ങള്‍ വേണ്ടി വന്നാല്‍ കിണറും കുഴിക്കും എന്ന് തെളിയിച്ചു. ഇനിയും ആവശ്യമെങ്കില്‍ കിണര്‍ കുഴിക്കാന്‍ ഈ തൊഴിലാളികള്‍ തയ്യാറുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."