ലോക്ക് ഡൗണ്‍: ശുദ്ധവായു ശ്വസിച്ച് രാജ്യം
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അന്തരീക്ഷവായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. 90 പ്രധാനനഗരങ്ങളിലും വാഹനങ്ങള്‍ ഓടാത്തതും ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതുമാണ് അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറച്ചത്.
രാജ്യത്ത് 39 നഗരങ്ങളിലെ അന്തരീക്ഷ വായു നല്ലത് എന്ന നിലവാരത്തിലും 51 നഗരങ്ങളില്‍ തൃപ്തികരം എന്ന നിലവാരത്തിലുമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
രാജ്യത്ത് ഏറ്റവും മോശം അന്തരീക്ഷവായു നിലവാരമുള്ള ഡല്‍ഹിയിലും സ്ഥിതി മെച്ചപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസമായി അന്തരീക്ഷ വായു മികച്ച നിലവാരത്തിലാണ് ഡല്‍ഹിയില്‍.
രാജ്യത്തെ 130 കോടി ജനങ്ങളും വീട്ടിലിരിക്കുന്ന അവസ്ഥയും വാഹനങ്ങള്‍ ഓടാത്തതും വായുമലിനീകരണം കുറയാന്‍ ഇടയാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് ( സഫാര്‍) ആണ് വായു മലിനീകരണം സംബന്ധിച്ച് രാജ്യത്ത് നിരീക്ഷണം നടത്തുന്നത്.
അന്തരീക്ഷത്തിലെ പി.എം 2.5 (സൂക്ഷ്മമായ പൊടിപടലം)യുടെ അളവാണ് പ്രധാനമായും അളക്കുന്നത്. ഡല്‍ഹി, അഹമ്മദാബാദ്, പൂനെ നഗരങ്ങളില്‍ ഇതിന്റെ അളവ് 30 ശതമാനമായി കുറഞ്ഞു.
ശ്വാസകോശ സംബന്ധമായ അസുഖമുണ്ടാക്കുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവിലും കുറവുണ്ടായി.
മാര്‍ച്ചില്‍ എയര്‍ ക്വാളിറ്റി ഇന്റക്സ് 100-200 ആയിരുന്നിടത്ത് 50-100 വരെയായി. ചിലയിടത്ത് 0-50 വരെയായി മികച്ച നിലവാരത്തിലെത്തി. ഉത്തരേന്ത്യയില്‍ മഴലഭിച്ചതും അന്തരീക്ഷ മലിനീകരണം കുറയാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."