കത്വ കേസ് വിചാരണ ആരംഭിച്ചു
പത്താന്‍കോട്ട്: ജമ്മു കശ്മിരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ വിചാരണ പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചപ്പോള്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് അഭിഭാഷകരുടെ വന്‍ നിര. എട്ട് പ്രതികളില്‍ ഏഴുപേരെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ഹാജരാക്കിയിട്ടില്ല. ഇയാള്‍ പ്രായപൂര്‍ത്തിയായ ആളാണോ അല്ലയോ എന്നതില്‍ അടുത്തയാഴ്ച ജമ്മു കശ്മിര് കോടതി തീരുമാനമറിയിക്കും. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് കേസ് ജമ്മു കശ്മിരിനു പുറത്ത് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
കനത്ത സുരക്ഷയിലായിരുന്നു കോടതി നടപടികള്‍. പ്രാഥമിക വാദങ്ങള്‍ കേട്ട കോടതി കുറ്റപത്രം, കേസ് ഡയറി എന്നിവ ഉറുദുവില്‍നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ എല്ലാവര്ക്കും ജൂണ്‍ നാലിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കുവേണ്ടി 31 അഭിഭാഷകര്‍ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി മൂന്ന് അഭിഭാഷകരും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി നാല് അഭിഭാഷകരും ഹാജരായി. ജമ്മു കശ്മിരീല് പ്രാബല്യത്തിലുള്ള രണ്‍ബീര്‍ ശിക്ഷാ നിയമത്തിന്റെ(ആര്.പി.സി) അടിസ്ഥാനത്തിലാണ് വിചാരണ നടക്കുന്നത്. എട്ടാമത്തെ പ്രതിക്കും പ്രായപൂര്‍ത്തിയായതിനാല്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഇയാളെയും പത്താന്‍കോട്ട് കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് എട്ട് പ്രതികള്‍ ചേര്‍ന്ന് എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ ഒരാഴ്ച പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."