ഡല്‍ഹിയില്‍ ഇനി എല്ലാം വീട്ടുപടിക്കല്‍: സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി ഓഫിസ് കയറിയിറങ്ങേണ്ട
ന്യൂഡല്‍ഹി: വിവാഹ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ഇനി ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഓരോന്നായി കയറിയിറങ്ങേണ്ട. പകരം ഫോണ്‍ചെയ്താല്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആവശ്യങ്ങള്‍ നിറവേറ്റി നല്‍കും.
ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന എ.എ.പി സര്‍ക്കാരിന്റെ ഏറ്റവും ജനകീയ നീക്കങ്ങളിലൊന്നായ ഭരണം വീട്ടുപടിക്കലേക്ക് (ഹോം ഡെലിവറി ഓഫ് ഗവേണന്‍സ്) എന്ന പദ്ധതി മാസങ്ങളോളം തടഞ്ഞുവച്ച ശേഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ അനുമതി നല്‍കി. പദ്ധതി നടപ്പില്‍ വരുന്നതോടെ എട്ടു സര്‍ക്കാര്‍ വകുപ്പുകളുടെ കീഴില്‍ വരുന്ന 40 സേവനങ്ങള്‍ ജനങ്ങള്‍ക്കു വീട്ടില്‍ നിന്ന് തന്നെ ലഭ്യമാവും. സമയലാഭത്തിനു പുറമേ സര്‍ക്കാര്‍ സേവനങ്ങളിലെ സുതാര്യത കൂടി ഉറപ്പു വരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ കൈക്കൂലി പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് എ.എ.പി സര്‍ക്കാരിന്റെ നിലപാട്. പദ്ധതിക്ക് അടുത്തമാസം ഔദ്യോഗികമായി തുടക്കം കുറിക്കും.
സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏജന്‍സി വഴി തിരഞ്ഞെടുക്കുന്ന സേവന ദാതാക്കള്‍ കോള്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. ഫോട്ടോയെടുക്കല്‍ ഉള്‍പ്പെടെയുള്ള മറ്റാവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആവശ്യമെങ്കില്‍ നേരിട്ടു ഹാജരാവേണ്ടിവരും. സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വീട്ടില്‍ എത്തിക്കുന്നതിന് ഗുണഭോക്താക്കളില്‍ നിന്ന് നാമമാത്രമായ തുക ഈടാക്കും. എന്നാല്‍, ഇതെത്ര രൂപയാണെന്നു നിശ്ചിയിട്ടില്ല.
സേവനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അപേക്ഷിക്കുന്ന വ്യക്തി നിശ്ചിത കോള്‍ സെന്ററിലേക്കു വിളിച്ചു രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. അതിനു ശേഷം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഏജന്‍സി ഈ ചുമതല സഞ്ചരിക്കുന്ന ഓഫിസറെ (മൊബൈല്‍ സഹായക്) ഏല്‍പ്പിക്കുന്നു. ഈവ്യക്തി അപേക്ഷകന്റെ വീട്ടിലെത്തി മതിയായ രേഖകളും വിവരങ്ങളും നേരിട്ടു ശേഖരിക്കും. ബയോമെട്രിക് ഡിവൈസ്, ക്യാമറ, എ.ടി.എം സൈ്വപിങ്ങ് മെഷീന്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മൊബൈല്‍ സഹായക് എത്തുക.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ ഡല്‍ഹി പൊലിസ് അംഗീകാരം നല്‍കിയ 300 മൊബൈല്‍ സഹായക്മാരാണ് സേവനങ്ങളുമായി വീടുകളിലേക്കെത്തുക. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പുതിയ 30 സേവനങ്ങള്‍ കൂടി ഇതോട് കൂട്ടിച്ചേര്‍ക്കും.
റേഷന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള പൊതുസേവനങ്ങള്‍ക്കായി ജനങ്ങള്‍ നീണ്ട വരി നില്‍ക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണു പുതിയ നടപടിയെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ അവകാശവാദം. കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് ചേര്‍ന്ന ഡല്‍ഹി മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. നാലു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ പദ്ധതിക്ക് അംഗീകാരം നല്‍കാതെ പിടിച്ചുവച്ചതോടെ നടപ്പാവുന്നത് വൈകി. ഇത് ലഫ്. ഗവര്‍ണറും ഡല്‍ഹിസര്‍ക്കാരും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിനും വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."