പ്രസവവേദന മറന്ന് ബോസ്ലെ വികസിപ്പിച്ചെടുത്തു; ഇന്ത്യയിലെ ആദ്യ ടെസ്റ്റ് കിറ്റ്
ന്യൂഡല്‍ഹി: മകളെ പ്രസവിക്കുന്നതിന്റെ തലേദിവസവും രാജ്യത്തിനുവേണ്ടി ആദ്യത്തെ കുറഞ്ഞ നിരക്കിലുള്ള കൊവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്ത് വൈറോളജിസ്റ്റ് മിനല്‍ ദേഖാവെ ബോസ്ലെ. പൂനെയിലെ മൈലാബിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ചീഫാണ് ബോസ്ലെ.കൊറോണ വൈറസ് ടെസ്റ്റ് കിറ്റ് വില്ക്കാന് ആദ്യം അനുമതി ലഭിച്ച ഇന്ത്യന്‍ കമ്പനി ഇവരുടേതാണ്. മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് കമ്പനിയാണ് മൈലാബ്. ഇവര്‍ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് കിറ്റ് വഴി 100 സാംപിളുകള്‍ ടെസ്റ്റ് ചെയ്യാന്‍ 1,200 രൂപയേ ചെലവുള്ളൂ. പാത്തോ ഡിറ്റെക്ട് എന്ന പേരിലാണ് ഇവര്‍ കിറ്റ് ഇറക്കിയത്. ബോസ്ലെയായിരുന്നു ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയത്. പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും ഫെബ്രുവരിയില്‍ കിറ്റിന്റെ അവസാനഘട്ട ഗവേഷണത്തിലായിരുന്നു.തുടര്‍ന്ന് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതിക്കായി അയച്ചു. മാര്‍ച്ച് 18ന് അനുമതി ലഭിച്ചു. പിറ്റേദിവസം ബോസ്ലെ പെണ്‍കുഞ്ഞിന് ജന്മം നല്കി. വളരെ അടിയന്തരമായ സാഹചര്യമായതിലാണ് ഈ വെല്ലുവിളി ഏറ്റെടുത്തതെന്നും തന്റെ രാജ്യത്തെ സേവിക്കുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. മറ്റു ടെസ്റ്റുകള്‍ക്ക് ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ ഈ ടെസ്റ്റിന് രണ്ടര മണിക്കൂറേ കാത്തിരിക്കേണ്ടി വരികയുള്ളൂ. ഫാസ്റ്റ് മോഡ് ആക്ടിങ് റിയേജന്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."