പഞ്ചായത്തിന്റെ അനാസ്ഥ: ആരോഗ്യ ഉപകേന്ദ്രത്തിനായി നല്‍കിയ സ്ഥലം കാടുകയറി നശിക്കുന്നു
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കാനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി കൈമാറുമ്പോള്‍ സ്ഥലമുടമയായ കോഴിക്കാട്ടില്‍ മുഹമ്മദ് ഹാജിക്ക് അഭിമാനമായിരുന്നു. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ മെച്ചപ്പെട്ട ചികിത്സാ സഹായം ലഭിക്കാന്‍ ചെറുതായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ഥ്യമായിരുന്നു ആ അഭിമാന ബോധത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
പക്ഷേ ഇന്നദ്ദേഹം കടുത്ത നിരാശയിലാണ്. ആര്‍ക്കും ഉപകാരമില്ലാത്ത വിധം കാടുകറയി നാശോന്‍മുഖമായിരിക്കുകയാണ് സ്വപ്ന പദ്ധതിക്കായി അദ്ദേഹം കൈമാറിയ ആ ഭൂമി ഇന്ന്. മൂന്ന് വര്‍ഷം മുന്‍പാണ് അന്നത്തെ ഭരണസമിതി ഈ പദ്ധതിയുമായി പ്രദേശത്ത് എത്തുന്നത്. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രമായ കൂരിക്കുഴിയിലേക്ക് കിഴക്കന്‍ മേഖലയായ ഒമ്പതാം വാര്‍ഡിലെ ജനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് മുന്നില്‍ കണ്ടാണ് ഇങ്ങനെ ഒരു സബ് സെന്റര്‍ പ്രദേശത്ത് ആവിഷ്‌കരിച്ചത്.
പദ്ധതിയെ കുറിച്ച് അറിഞ്ഞ മാത്രയില്‍ തന്നെ തന്റെ സ്ഥലം സൗജന്യമായി അനുവദിച്ചു കൊണ്ട് പഞ്ചായത്തിന് രജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ മുഹമ്മദ് ഹാജി രംഗത്ത് വന്നു. പിന്നീട് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കെടുകാര്യസ്ഥതയുടെ ഘോഷയാത്രയാണ്. സ്ഥലം കാടുമൂടി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി.
ഇതിനിടെ പഴയ ഭരണസമിതി മാറി പുതിയ ഭരണസമിതി അധികാരത്തിലെത്തി. എന്നിട്ടും എന്നിട്ടും പഞ്ചായത്തിന് ലഭിച്ച ഈ ഭൂമിയിലെ ഇഴ ജന്തുക്കളുടെ സൈര്യവിഹാരത്തിന് ഒരു തടസവും നേരിട്ടില്ല. അവസാനം ഭൂമി നശിച്ചു പോകുന്നതില്‍ ദു:ഖം തോന്നിയ പഴയ സ്ഥലമുടമ പുതിയ ഭരണസമിതി അധികാരമേറ്റ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിനെ നേരില്‍ കണ്ട് നിവേദനം കൊടുത്തു.
ഒപ്പം ഒരു നിര്‍ദ്ദേശവും വച്ചു. താന്‍ നാടിനായി സമര്‍പിച്ച ഭൂമിയില്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ തന്ന് തിരിച്ചു വാങ്ങാന്‍ തയാറാണെന്നായിരുന്നു നിര്‍ദേശം. സ്വന്തം നിലയില്‍ നാട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായി മാത്രമാണ് അദ്ദേഹം അങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്.
എന്നിട്ടും ഭരണ വര്‍ഗം അനങ്ങാപ്പാറ നയത്തില്‍ തന്നെയാണ്. നല്ല ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി രംഗത്തു വന്ന മുഹമ്മദ് ഹാജിയെപ്പോലെയുള്ളവര്‍ക്കൊപ്പം ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഇവിടെ ആരോഗ്യ ഉപകേന്ദ്രം വരുമോ എന്ന കാര്യത്തില്‍ സംശയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."