കലയുടെ ആസ്ഥാനത്തിന് നാണകേടായി രംഗ കലാ മ്യൂസിയം
ചെറുതുരുത്തി: ദക്ഷിണേന്ത്യന്‍ കലകളുടെ അഭിമാന നിറവായി കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയോടനുബന്ധിച്ച് എട്ട് കോടി രൂപ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ദക്ഷിണേന്ത്യന്‍ രംഗ കലാ മ്യൂസിയം കലയുടെ ആസ്ഥാനത്ത് നാണക്കേടിന്റെ പ്രതിരൂപമായി നിലകൊള്ളുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു കൊല്ലം പിന്നിട്ടിട്ടും ഭാരതത്തിന്റെ അഭിമാന നിറവായ ഈ സ്ഥാപനത്തിന്റെ വാതായനങ്ങള്‍ അടഞ്ഞ് കിടപ്പാണ്. നിളയൊഴുകും നാട്ടില്‍ കലയുടെ ആസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ മ്യൂസിയം കേരളം ലോകത്തിന് സമ്മാനിക്കുന്ന അഭിമാന സ്തംഭമാവുമെന്നാണ് വിലയിരുത്തിയിരുന്നത്.
നാല്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പണി തീര്‍ത്ത കെട്ടിടത്തില്‍ കേരളത്തിന്റെ വാസ്തുശില്ല മാതൃക മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രംഗകലയുടെ എല്ലാ വിധ വേഷങ്ങളും, അനുബന്ധ സാമഗ്രികളും മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിജിറ്റല്‍ ലൈബ്രറിയും ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും റിസേര്‍ച്ച് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നല്‍പതിനായിരം ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം കേരളത്തിന്റെ വാസ്തുശില്ല മാതൃകയിലുള്ള ഈ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. 2012 സെപ്തംബര്‍ 12 നാണ് മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങ് രംഗകലാ മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചത്.
ദക്ഷിണേന്ത്യയിലെ 28 കലാരൂപങ്ങളുടെ പൂര്‍ണവിവരണം ഇതുമായി ബന്ധപ്പെട്ട ചിത്രത്തിന് മുന്നില്‍ കംപ്യൂട്ടര്‍ ടച്ച് സ്‌ക്രീനില്‍ നിന്ന് അറിയാനാകും രണ്ടാം നിലയില്‍ ഓഡിയോ വീഡിയോ സ്റ്റുഡിയോയും അതുമായി ബന്ധപ്പെട്ട സൗകര്യ ങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാം നിലയില്‍ സെമിനാര്‍ ഹാളും, കോണ്‍ഫ്രന്‍സ് ഹാളും, ഡിജിറ്റല്‍ ഡബ്ബിങ്ങ് സ്റ്റുഡിയോയുമാണ്.
നാല് വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മ്യൂസിയത്തിനുള്ളിലെ ഇലക് േട്രാണിക്‌സ് സംവിധാനം പൂര്‍ത്തീകരിക്കാന്‍ ഇനിയും കഴിയാത്തതാണ്. എതാണ്ടെല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടും ഈ അഭിമാന പദ്ധതി നോക്ക് കുത്തിയായി കിടക്കുന്നതിന് കാരണം പുതിയ സര്‍ക്കാരും കലാമണ്ഡലം അധികൃതരും ഇതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും കലയെ സ്‌നേഹിയ്ക്കുന്നവര്‍ക്കുണ്ട്. മുന്‍ ഭരണ സമിതിയേയും, സര്‍ക്കാരിനേയും നിരന്തരം വിമര്‍ശിച്ചിരുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."