പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് അപൂര്‍ണം; വട്ടംകറങ്ങി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകന്‍
തൊടുപുഴ: ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തന്‍ എ.പി ഉസ്മാന്റെ റൂട്ട് മാപ്പ് പൂര്‍ണമാക്കാനാകാതെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. മൂന്ന് ദിവസത്തിനിടെ ഇദ്ദേഹവുമായി ബന്ധപ്പെട്ട് മാത്രം നിരീക്ഷണത്തിലായത് 1,014 പേരാണ്, ഇന്നലെ മാത്രം 338 പേര്‍ വരും. ഇതോടെ ഇടുക്കി ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,265 ആയി ഉയര്‍ന്നു.
അതേ സമയം ഇടുക്കിയില്‍ നിന്നല്ല കൊവിഡ് ബാധിതനായതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ഇദ്ദേഹം പോയിരുന്നു. ഇവിടെയെത്തിയ ബ്രിട്ടീഷ് പൗരന് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബ്രട്ടീഷ് പൗരന്‍ ആശുപത്രിയിലെത്തിയത് 10 നാണ്. ഉസ്മാന്‍ എത്തിയത് 12നും. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന ഇദ്ദേഹത്തെ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ നേരിട്ട ്‌ഫോണില്‍ വിളിച്ചാണ് റൂട്ട് മാപ്പ് തയാറാക്കിയത്. പല കാര്യങ്ങളും ഓര്‍മയില്ലെന്ന് പറഞ്ഞിരുന്നു. 8, 9 തിയതികളിലാണ് ഇദ്ദേഹം രോഗബാധിതനാകാന്‍ സാധ്യത എന്നാണ് നിഗമനം. മാര്‍ച്ച് എട്ടിന് പെരുമ്പാവൂരില്‍ സുഹൃത്തിനൊപ്പം താമസിച്ചതായി റൂട്ട് മാപ്പിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സ്‌പെഷല്‍ ബ്രാഞ്ചും ആരോഗ്യ പ്രവര്‍ത്തകരും മേഖലയില്‍ അന്വേഷണം നടത്തുന്നുണ്ട്.
വിദേശികളെ ആരെയെങ്കിലും എ.പി ഉസ്മാന്‍ കണ്ടിരുന്നോ എന്നതാണ് വിശദമായി പരിശോധിക്കുന്നത്. റൂട്ട്മാപ്പില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്റെയും സഹായത്തോടെ ശനിയാഴ്ച റൂട്ട്മാപ്പ് പുതുക്കിയിരുന്നു. സ്ഥലങ്ങള്‍ വിട്ടുപോയിട്ടുണ്ടോയെന്ന പരിശോധന തുടരുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."