കൊല്ലി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനുള്ള ശ്രമം തടഞ്ഞു
പുത്തന്‍ചിറ: അടക്കം കൊല്ലി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്താനുള്ള ശ്രമം തടഞ്ഞു. കരിങ്ങോള്‍ചിറക്കും മാരേക്കാടിനും ഇടയിലുള്ള പുഴയിലാണ് ഇന്നലെ വൈകുന്നേരം എതാനും ആളുകള്‍ അടക്കം കൊല്ലി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്താന്‍ എത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കരിങ്ങോള്‍ചിറ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ അടക്കം കൊല്ലി വല ഉപയോഗിച്ചുള്ള മീന്‍ പിടുത്തം തടയുകയായിരുന്നു.
ആദ്യം മത്സ്യ ബന്ധനം നിര്‍ത്താന്‍ തയ്യാറാകാതിരുന്നവര്‍ സുള്‍ഫിക്കര്‍ ഭൂട്ടോ, രവീന്ദ്രന്‍ തെക്കേടത്ത്, അഷറഫ് കടപ്പൂക്ക, രവി, റിയാസ്, അഷറഫ് വൈപ്പിന്‍കാട്ടില്‍, വാര്‍ഡ് മെമ്പര്‍ പി.ഐ നിസാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന രൂപത്തില്‍ ഇടപെട്ടതോടെയാണ് മീന്‍ പിടുത്തം നിര്‍ത്താന്‍ തയ്യാറായത്. പരമ്പരാഗത മത്സ്യബന്ധന രീതിയില്‍ നിന്ന് മാറി അടക്കം കൊല്ലി പോലുള്ള വലകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കരിങ്ങോള്‍ച്ചിറ ചാലില്‍ നിന്നും മുന്‍കാലങ്ങളില്‍ ലഭ്യമായിരുന്ന അപൂര്‍വ മത്സ്യയിനങ്ങളില്‍ പലതും ലഭിക്കാതായിരിക്കുകയാണ്. ഈ വല ഉപയോഗിച്ച് മീന്‍ പിടിക്കുമ്പോള്‍ മത്സ്യ കുഞ്ഞുങ്ങളും നശിച്ച് പോകുന്നതാണ്. ഔഷധ ഗുണങ്ങളുള്ള മലിഞ്ഞീന്‍, കാരി, മുതുകാടി, കോലാന്‍, മുഷി, ആറ്റുകൊഞ്ച്, പൂളാന്‍ (പയച്ചി ) തുടങ്ങിയവയെല്ലാമിപ്പോള്‍ കരിങ്ങോള്‍ചിറ ചാലില്‍ നിന്ന് അപ്രത്യക്ഷമായിരിക്കയാണ്. ഈ സാഹചര്യത്തില്‍ കരിങ്ങോള്‍ചിറ ചാലിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി അടക്കം കൊല്ലി പോലുള്ള വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയണമെന്ന് കരിങ്ങോള്‍ചിറ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
അടക്കം കൊല്ലിവല നിരോധനം അടുത്ത പഞ്ചായത്ത് യോഗത്തില്‍ തീരുമാനിക്കുമെന്ന് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ നിരോധനം വരുത്തുന്നതിന് മുന്‍പ് തന്നെ അടക്കം കൊല്ലിവല ഉപയോഗിച്ച് മീന്‍ പിടിക്കാനുള്ള ശ്രമമാണ് കരിങ്ങോള്‍ചിറ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞത്. അടക്കം കൊല്ലിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം പുത്തന്‍ചിറ പഞ്ചായത്തില്‍ നിരോധിച്ചു കൊണ്ടുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കാമെന്ന് കരിങ്ങോള്‍ചിറ കൂട്ടായ്മയുടെ പ്രസിഡന്റ് മാങ്കപ്പാടത്ത് സാലി സജീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."